'വേദനിപ്പിച്ചെങ്കില്‍ സോറി'; 'നിര്‍ബല സീതാരാമന്‍' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അധീര്‍ രഞ്ജന്‍ ചൗധരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 07:33 PM  |  

Last Updated: 04th December 2019 07:33 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. 'നിര്‍ബല സീതാരാമന്‍' എന്നുള്ള പരാമര്‍ശത്തിലാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറണം എന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധമുയര്‍ത്തിയിരുന്നു. 

' നിര്‍മല എന്റെ സേഹാദരിയെപ്പോലെയാണ്, അവര്‍ക്ക് തിരിച്ചും അങ്ങനെതന്നെയാണ്. എന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു'- അദ്ദേഹം പറഞ്ഞു. 

'എനിക്ക് നിങ്ങളോട് ഒരുപാട് ബഹുമാനമുണ്ട്. എന്നാല്‍ നിങ്ങളെ നിര്‍മല സീതാരാമന്‍ എന്നതിന് പകരം 'നിര്‍ബല' എന്ന് വിളിക്കാനാണ് തോന്നുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മന്ത്രിസ്ഥാനം അലങ്കരിക്കുന്ന നിര്‍മലാ സീതാരാമന് സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സ്വന്തം മനസ്സിലുള്ളത് തുറന്നുപറയാന്‍ സാധിക്കുമോ എന്നുപോലും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കുടിയേറ്റക്കാരാണ് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് എതിരെയും ബിജെപി രംഗത്ത് വന്നിരുന്നു. 
മോദിയുടെയും അമിത് ഷായുടെയും വീടുകള്‍ ഗുജറാത്തിലാണ്. അവര്‍ ഇപ്പോള്‍ ദില്ലിയിലെത്തിയിട്ടുണ്ടെന്നായിരുന്നു. പരിഹാസം കലര്‍ത്തി അദ്ദേഹം പറഞ്ഞത്. പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.