തമിഴ്‌നാട്ടില്‍ ബിജെപിക്കു തിരിച്ചടി; വൈസ് പ്രസിഡന്റ് ഡിഎംകെയില്‍ ചേര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2019 12:57 PM  |  

Last Updated: 05th December 2019 12:57 PM  |   A+A-   |  

BT_Arasakumar

ഫോട്ടോ: എഎന്‍ഐ/ട്വിറ്റര്‍

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി വൈസ് പ്രസിഡന്റ് ഡിഎംകെയില്‍ ചേര്‍ന്നു. ബിടി അരശകുമാര്‍ ആണ് ഡിഎംകെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഈ മാസം ഒന്നിന് പുതുക്കോട്ടൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അരശകുമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. സ്റ്റാലിനെ എംജിആറുമായി ഉപമിച്ച അരശകുമാര്‍ അദ്ദേഹം മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ബിജെപിയില്‍നിന്നു രൂക്ഷ വിമര്‍ശനമാണ് അരശകുമാറിനെതിരെ ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന്  പാര്‍ട്ടി വിശദീകരണം ആരായുകയും ചെയ്തു. 

ബിജെപി യാതൊരു അച്ചടക്കവുമില്ലാത്ത പാര്‍ട്ടിയാണെന്ന് അരശകുമാര്‍ പ്രതികരിച്ചു. അണ്‍പാര്‍ലമെന്ററി ആയ വാക്കുകള്‍ ഉപയോഗിച്ചാണ് അവര്‍ തന്നെ വിമര്‍ശിച്ചതെന്ന് അരശകുമാര്‍ കുറ്റപ്പെടുത്തി. 

ഡിഎംകെ തന്റെ മാതൃസംഘടനയാണ്. അതുകൊണ്ടാണ് അതില്‍ ചേര്‍ന്നത്. എംകെ സ്റ്റാലിനുമായി ഇരുപതു വര്‍ഷമായി നല്ല ബന്ധമാണ് ഉള്ളതെന്നും അരശകുമാര്‍ പറഞ്ഞു.