പിഞ്ചു കുഞ്ഞിന്റെ കഴുത്തറുത്തു, യുവതിയുടെ തല കല്ലിനിടിച്ചു തകര്‍ത്തു, മൃതദേഹങ്ങള്‍ വയലില്‍ കത്തിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2019 02:24 PM  |  

Last Updated: 05th December 2019 02:24 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ് : തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുന്നതിനിടെ, സമാനസംഭവം ആന്ധ്രയില്‍ നിന്നും. ഒരു യുവതിയുടെയും പിഞ്ചു കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രകാശം ജില്ലയിലെ മാഡിപ്പാഡു മണ്ഡല്‍ ഗ്രാമത്തിലെ വയലില്‍ നിന്നാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. 20 വയസ്സ് പ്രായമുള്ള യുവതിയെ തലയ്ക്ക് കല്ലിനിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. കൈകളിലും പരിക്കുണ്ട്. ഒരു വയസ്സോളം പ്രായമുള്ള കുഞ്ഞിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ വയലില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്തിന് സമീപത്ത് നിന്നും രക്തം പുരണ്ട കല്ല്, കത്തി, പെട്രോള്‍ മണക്കുന്ന ഒരു കുപ്പി എന്നിവ പൊലീസ് കണ്ടെടുത്തു. കേസ് അന്വേഷണത്തിന് 14 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഓണ്‍ഗോലേ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തേ സമാന സംഭവം ഗുണ്ടൂര്‍ ജില്ലയിലെ ശവല്യപുരം മണ്ഡലില്‍ നടന്നിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള യുവതിയുടെ ശരീരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്്. 80 ശതമാനവും കത്തിപ്പോയതിനാല്‍ യുവതിയെ തിരിച്ചറിയാന്‍ പോലുമായിരുന്നില്ല.