മഹാസഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി ?; ഹിന്ദു തീവ്രവാദ സംഘടന സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് , എതിര്‍പ്പുമായി ശിവസേന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2019 12:12 PM  |  

Last Updated: 05th December 2019 12:12 PM  |   A+A-   |  

 

മുംബൈ : മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ തുടക്കത്തിലേ അഭിപ്രായഭിന്നത പുറത്തുവന്നു. ഹിന്ദു തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഹുസൈന്‍ ധല്‍വായി ആവശ്യപ്പെട്ടു. ഉദ്ധവ് താക്കറെ നയിക്കുന്ന മഹാസഖ്യം സര്‍ക്കാര്‍ സനാതന്‍ സന്‍സ്തയെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ധല്‍വായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ശിവസേന രംഗത്തുവന്നിട്ടുണ്ട്.

മുസ്ലിം തീവ്രവാദ സംഘടനയായ സിമി പോലെതന്നെയുള്ള ഭീകരസംഘടനയാണ് സനാതന്‍ സന്‍സ്തയും. ഭീകരവിരുദ്ധ നിയമപ്രകാരം ഈ സംഘടനക്കെതിരെ നടപടി എടുക്കണം. യുക്തിവാദിയായ നരേന്ദ്ര ധാബോല്‍ക്കറുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സനാതന്‍ സന്‍സ്തയാണ്. ഇതിന്‍രെ തലവന്‍ ജയന്ത് അത്താവലയെ ജയിലില്‍ അടയ്ക്കണമെന്നും കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു.

ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയതില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ധല്‍വായി ആവശ്യപ്പെട്ടു. ധാബോല്‍ക്കര്‍ വധക്കേസില്‍ എട്ടുപേരെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ഇതില്‍ ഭൂരിപക്ഷവും സന്‍സ്ത പ്രവര്‍ത്തകരാണെന്നും ധല്‍വായി ചൂണ്ടിക്കാട്ടി.

കൂടാതെ 2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട സംബാജി ബിന്‍ഡേ, മിലിന്ദ് ഏക്‌ബോതെ എന്നിവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണം. എന്‍സിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ സംബാജി ബിന്‍ഡേയെ പിന്തുണച്ച് രംഗത്തെത്തിയത് ശരിയായ നടപടിയല്ലെന്നും ധല്‍വായി പറഞ്ഞു. ശിവസേന ഇതുവരെ സനാതന്‍ സന്‍സ്തയെ പിന്തുണച്ചിട്ടില്ല. മഹാരാഷ്ട്രുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇതുപോലുള്ള ക്ഷുദ്രശക്തികളെ പൂട്ടേണ്ടത് അനിവാര്യമാണെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.

അതിനിടെ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് എംപിയുടെ ആവശ്യത്തെ എതിര്‍ത്ത് ശിവസേന രംഗത്തെത്തി. നിരോധനം നിഷ്ഫലമാണെന്ന് പല സന്ദര്‍ഭങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ആശയങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലഎന്നതിനാല്‍ നിരോധനം ഫലപ്രദമാകില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീലും പ്രതികരിച്ചു. സംഘര്‍ഷ സമയത്ത് പാട്ടീല്‍ സംബാജി ബിന്‍ഡേയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു.

യു​ക്തി​വാ​ദി നേ​താ​ക്ക​ളാ​യ ന​രേ​ന്ദ്ര ധ​ബോ​ൽ​ക്ക​ർ, ക​ൽ​ബു​ർ​ഗി, ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ഗോ​വി​ന്ദ് പ​ൻ​സാ​രെ, എ​ഴു​ത്തു​കാ​രി​യും പ​ത്രാ​ധി​പ​യു​മാ​യ ഗൗ​രി ല​ങ്കേ​ഷ് എ​ന്നി​വ​രു​ടെ കൊ​ല​യ്ക്കു​പി​ന്നി​ൽ സ​നാ​ത​ൻ സ​ൻ​സ്ത എ​ന്ന ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി സം​ഘ​ട​ന​യാ​ണെ​ന്നു സി​ബി​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2015 ൽ മഹാരാഷ്ട്ര സർക്കാർ സനാതൻ സൻസ്തയെ നിരോധിക്കണം എന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്.