മാന്ദ്യമുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ഇത്രയും ട്രാഫിക് ബ്ലോക്ക്?; ബിജെപി എംപിയുടെ ചോദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2019 07:36 PM  |  

Last Updated: 05th December 2019 07:36 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ രംഗത്ത് മാന്ദ്യമുണ്ടെങ്കില്‍ എങ്ങനെയാണ് രാജ്യത്തെ റോഡുകളില്‍ ഇത്രയും ട്രാഫിക് ജാമുണ്ടാകുന്നതെന്ന് ബിജെപി എംപി വീരേന്ദ്ര സിങ്. ലോക്‌സഭയിലാണ് ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള എംപിയായ വീരേന്ദ്ര സിങ് ഈ ചോദ്യം ഉന്നയിച്ചത്. 

'രാജ്യത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനായി ആളുകള്‍ ഓട്ടോമൊബൈല്‍ രംഗത്ത് മാന്ദ്യമുണ്ടെന്ന് പറയുകയാണ്. അങ്ങനെ മാന്ദ്യമുണ്ടെങ്കില്‍ എങ്ങനെയാണ് രാജ്യത്തെ നിരത്തുകളില്‍ ഇത്രയും ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത്'  എന്നായിരുന്നു വീരേന്ദ്ര സിങിന്റെ ചോദ്യം. 

മാന്ദ്യം വന്‍കിട ഓട്ടോമൊബൈല്‍ കമ്പനികളേയും ബാധിച്ചുതുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പശ്ചാതലത്തിലാണ് വീരേന്ദ്ര സിങിന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധി മൂലം വില്‍പന കുറവ് നേരിടുന്ന സാഹചര്യത്തില്‍  ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് തങ്ങളുടെ ചില പ്ലാന്റുകള്‍ അടച്ചിടുന്നു എന്ന വാര്‍ത്ത പുറത്തുവന്നു. രണ്ട് ദിവസം മുതല്‍ 12 ദിവസം വരെയാണ് പ്ലാന്റുകള്‍ അടച്ചിടാന്‍ കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെ കൊമേഴ്‌സ്യല്‍ വാഹനനിര്‍മാതാക്കളിലെ മുന്‍നിര കമ്പനിയാണിത്. പ്രമുഖ യാത്രാവാഹന നിര്‍മാതാക്കളായ മാരുതി നേരത്തെ തന്നെ രണ്ട് ദിവസം രണ്ട്  പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. മാരുതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. 

യാത്രാവാഹനങ്ങളുടെയും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും വില്‍പന ഈ വര്‍ഷം കുത്തനെ കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 22.95 ശതമാനം ഇടിവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.