ഗവര്‍ണര്‍ക്ക് മുന്നില്‍ നിയമസഭയുടെ ഗേറ്റ് അടച്ചിട്ടു; കാത്തുനിന്നിട്ടും തുറന്നില്ല, അസാധാരണ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2019 12:43 PM  |  

Last Updated: 05th December 2019 12:43 PM  |   A+A-   |  

 

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞുനിര്‍ത്തി. പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍ക്കര്‍ ആരോപിച്ചു. ഇത് ലജ്ജാകരമാണെന്നും ജനാധിപത്യം ഈ രീതിയിലല്ല പ്രവര്‍ത്തിക്കേണ്ടതെന്നും സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ സര്‍ക്കാരിനെ ഉദ്ദേശിച്ച് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

നിയമസഭയുടെ മൂന്നാം നമ്പര്‍ ഗേറ്റിലാണ് ഗവര്‍ണറെ തടഞ്ഞുനിര്‍ത്തിയത്. വിഐപികള്‍ക്ക് പോകാനായി ഉപയോഗിക്കുന്ന ഗേറ്റാണിത്. സാധാരണക്കാര്‍ക്ക് കടന്നുപോകാന്‍ അനുവദിക്കുന്ന ഗേറ്റ് നമ്പര്‍ നാലിലൂടെ പോകാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ട്.

പ്രോട്ടോക്കോള്‍ അനുസരിച്ച് ഗേറ്റ് നമ്പര്‍ മൂന്നിലൂടെ പോകാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നു. എന്തുകൊണ്ട് ഗേറ്റ് തനിക്ക് മുമ്പില്‍ അടച്ചിട്ടു?. നിയമസഭ ചേരുന്നത് രണ്ടുദിവസം നിര്‍ത്തിവെച്ചു എന്നതിന് നിയമസഭ ഗേറ്റ് അടക്കുമെന്ന് അര്‍ത്ഥമില്ല. ഇത് ലജ്ജാകരമായ നടപടിയാണ്. ജനാധിപത്യം ഈ രീതിയിലല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ഗവര്‍ണര്‍ പറയുന്നു.

നിയമസഭ ചേരുന്നത് രണ്ടുദിവസം നിര്‍ത്തിവെച്ചതിനെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച നിയമസഭ സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സഭയുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുളള സന്ദര്‍ശനത്തിനിടെയാണ്, ഗേറ്റില്‍ ഗവര്‍ണറെ തടഞ്ഞത്. അടുത്തിടെയായി ഗവര്‍ണറും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള അഭിപ്രായഭിന്നത രൂക്ഷമായി തുടരുകയാണ്.