'ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, അതുകൊണ്ട് ഒരു പ്രശ്നവുമില്ല'; വിലക്കയറ്റത്തെക്കുറിച്ച് വിചിത്ര മറുപടിയുമായി നിർമല സീതാരാമൻ

ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി
'ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, അതുകൊണ്ട് ഒരു പ്രശ്നവുമില്ല'; വിലക്കയറ്റത്തെക്കുറിച്ച് വിചിത്ര മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത്‌ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ പാർലമെന്റിൽ വിശദീകരിക്കവെ അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 

'ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്'- മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി.

ഉള്ളി വില ഉയരുന്നത് ഫലപ്രദമായി നേരിടാൻ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ നടക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂർണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com