'വെണ്ണപ്പഴമാണോ മന്ത്രി കഴിക്കുന്നത് ?'; നിര്‍മ്മല സീതാരാമനെ പരിഹസിച്ച് പി ചിദംബരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2019 01:15 PM  |  

Last Updated: 05th December 2019 01:15 PM  |   A+A-   |  

 

ന്യൂഡല്‍ഹി : വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബാസ്‌കറ്റില്‍ ഉള്ളിയുമായാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കാനെത്തിയത്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ മുന്‍കേന്ദ്രമന്ത്രി പി ചിദംബരവും പ്രതിഷേധത്തില്‍ പങ്കെടുത്തു. 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഇന്നലെ വൈകീട്ടാണ് ചിദംബരം പുറത്തിറങ്ങിയത്.

ഉള്ളിയുടെ വന്‍ വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടിയെ പി ചിദംബരം പരിഹസിച്ചു. താന്‍ ഉള്ളി കഴിക്കാറില്ല എന്നു പറഞ്ഞതിലൂടെ, നിര്‍മ്മല സീതാരാമന്‍ ഉദ്ദേശിച്ചത് എന്താണ് ? പിന്നെ വെണ്ണപ്പഴമാണോ മന്ത്രി കഴിക്കുന്നതെന്ന് ചിദംബരം ചോദിച്ചു.

രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ വിശദീകരിക്കവേയാണ് ധനമന്ത്രിയുടെ അസാധാരാണ മറുപടിയുണ്ടായത്. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ല. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നുമാണ് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.