ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാവില്ല; വിവരങ്ങള്‍ പുറത്തുവരട്ടെയെന്ന് തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 11:37 AM  |  

Last Updated: 06th December 2019 11:37 AM  |   A+A-   |  

SHASHITHAROOR

 

തിരുവനന്തപുരം: ഏറ്റുമുട്ടല്‍ കൊലകള്‍ നിയമവാഴ്ചയുള്ള സമൂഹത്തില്‍ അംഗീകരിക്കാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അതേസമയം ഹൈദരാബാദ് സംഭവത്തില്‍ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവരാതെ അതിനെ അപലപിക്കേണ്ടതില്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

ഹൈദരാബാദ് സംഭവത്തില്‍ എന്താണ് നടന്നത് എന്നതില്‍ വ്യക്തതയായിട്ടില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കൈയില്‍ ആയുധമുണ്ടായിരുന്നെങ്കില്‍ വെടിവച്ചതിന് പൊലീസിന് ന്യായീകരണം പറയാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം അറിയുന്നതുവരെ അതിനെ അപലപിക്കേണ്ടതില്ല. എന്നാല്‍ നിയമവാഴ്ചയുള്ള ഒരു സമൂഹത്തില്‍ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാവില്ല- തരൂര്‍ പറഞ്ഞു.

അതിനിടെ ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ സന്തോഷമെന്ന് ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഇര നിര്‍ഭയയുടെ അമ്മ പറഞ്ഞു.2012ല്‍ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണ് വാര്‍ത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു.

അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പൊലീസിന് ഞാന്‍ നന്ദി പറയുന്നു. പൊലീസ് മഹത്തായ കാര്യമാണ് ചെയ്തത്. നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കൂയെന്ന്, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ ഇപ്പോഴും കോടതിയില്‍ ചുറ്റിത്തിരിയുകയാണ്. ഡിസംബര്‍ 13ന് വീണ്ടും കോടതിയില്‍ പോകണം. ആ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകുമെന്നും ആഷാദേവി പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പൊലീസ് വ്യക്തമാക്കിയത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.