ജനം ആഗ്രഹിക്കുന്നത് പെട്ടെന്നുള്ള നടപടി : മുഖ്യമന്ത്രിയുടെ മകന്‍ ; ആറു മണിക്കൂറിനകം ഏറ്റുമുട്ടല്‍ കൊല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 01:17 PM  |  

Last Updated: 06th December 2019 01:19 PM  |   A+A-   |  


 

ഹൈദരാബാദ് : വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കത്തിച്ച കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകനും സംസ്ഥാനമന്ത്രിയുമായ കെ ടി രാമറാവുവിന്റെ പ്രതികരണം വിവാദത്തില്‍. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടത് പെട്ടെന്നുള്ള ഫലമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന് ആറു മണിക്കൂറിനകമാണ് പീഡനക്കേസ് പ്രതികളായ നാലുപേരും പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ബലാല്‍സംഗ, കൊലപാതക കേസുകളില്‍ പെട്ടെന്നു തന്നെ റിസള്‍ട്ട് വേണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. എംപിമാരും പ്രതികളെ ഉടന്‍ തന്നെ തൂക്കിക്കൊല്ലണമെന്നാണ് ആവശ്യപ്പെടുന്നത്. മാധ്യമങ്ങള്‍ പോലും പെട്ടെന്ന് മാറ്റം ഉണ്ടാക്കാനാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി എന്ന നിലയില്‍ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നോ, വെടിവെച്ച് കൊല്ലണമെന്നോ പറയാനാകില്ല, നമ്മുടെ സംവിധാനം അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെന്നും കെ ടി രാമറാവു പറഞ്ഞു.

ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്ത് തെളിവെടുപ്പിനിടെയാണ് ഏറ്റുമുട്ടലില്‍ പ്രതികളെ പൊലീസ് വധിച്ചത്. ക്രൂരകൃത്യം നടത്തിയത് പുനരാവിഷ്‌കരിക്കുന്നതിനിടെ, പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്ന് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് കമ്മീഷണര്‍ സജ്ജനാര്‍ പറഞ്ഞു. ആക്രമണത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും കമ്മീഷണര്‍ വ്യക്തമാക്കി.