വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ചു; കാമുകനെ കയ്യോടെ ഐസിയുവില്‍ എത്തിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍, യുവാവ് മുങ്ങി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 11:41 AM  |  

Last Updated: 06th December 2019 11:41 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

പുനെ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കാമുകിയെ ഐസിയുവില്‍ വച്ച് വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതനായി കാമുകന്‍. നാട്ടുകാര്‍ നിര്‍ബന്ധിച്ച് യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കുകയായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വരനെ കാണാതായി.

മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ശാരീരിക ബന്ധത്തിന് കാമുകനായ സൂരജ് നല്ലവദേ തന്നെ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവാവ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതായി പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. താഴ്ന്ന ജാതിക്കാരിയാണ് എന്ന് പറഞ്ഞ് അധിക്ഷേപിച്ചാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. ഇതില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വിഷം കഴിച്ച് അവശനിലയിലായ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ പെണ്‍കുട്ടി വിഷം കഴിച്ച അതേദിവസം തന്നെ നാട്ടുകാര്‍ സൂരജ് നല്ലവദേയെ പിടികൂടി ഐസിയുവില്‍ എത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

മൂന്ന് ദിവസം കഴിഞ്ഞ് നല്ലവദേയെ കാണാതായതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് യുവാവ് മുങ്ങിയത്. അതിനിടെ യുവാവിനെതിരെ പെണ്‍കുട്ടി ബലാത്സംഗ കേസ് ഫയല്‍ ചെയ്തു.