ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം ; വെന്റിലേറ്ററില്‍ ; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു
ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം ; വെന്റിലേറ്ററില്‍ ; പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. പെണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും, രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെണ്‍കുട്ടിയെ ചികില്‍സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ ചികില്‍സാച്ചെലവ് യുപി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സംഭവം അന്വേഷിക്കാന്‍ യുപി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.

കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ അടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ കോടതിയിലേക്ക് പോകുമ്പാഴായിരുന്നു സംഭവം. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനക്കേസിലെ 2 പ്രതികളടക്കം 5 പേര്‍ ചേര്‍ന്നു യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. 5 പേരും അറസ്റ്റിലായെങ്കിലും പീഡനക്കേസ് പ്രതികള്‍ക്കു നേരത്തെ ജാമ്യം അനുവദിച്ചതില്‍ പ്രോസിക്യൂഷന്റെ വീഴ്ചയെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെത്തിയ മജിസ്‌ട്രേട്ടിനോട് അക്രമം നടത്തിയ അഞ്ചു പേരുടെയും പേരുകള്‍ യുവതി പറഞ്ഞുവെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com