കല്ലും വടിയും കൊണ്ട് പൊലീസിനെ ആക്രമിച്ചു, രണ്ടു പൊലീസുകാരുടെ തോക്കു തട്ടിയെടുത്ത് വെടിവച്ചു; ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ വിശദീകരണവുമായി കമ്മിഷണര്‍

പ്രതികള്‍ നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണും പവര്‍ ബാങ്കും മറ്റും കണ്ടെടുക്കാന്‍ സ്ഥലത്ത് എത്തിച്ചതെന്ന് കമ്മിഷണര്‍
സജ്ജനാര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ എഎന്‍ഐ, ട്വിറ്റര്‍
സജ്ജനാര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ എഎന്‍ഐ, ട്വിറ്റര്‍

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തെളിവെടുപ്പിനിടെ കല്ലും വടിയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നെന്ന്, സൈബറാബാദ് പൊലീസ് കമ്മിഷണര്‍ സിവി സജ്ജനാര്‍. പൊലീസിന്റെ പക്കല്‍നിന്നു തോക്കു തട്ടിയെടുത്ത് ഇവര്‍ വെടിവച്ചപ്പോള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് നാലു പേരും മരിച്ചതെന്ന് കമ്മിഷണര്‍ വിശദീകരിച്ചു.

പുലര്‍ച്ചെ 5.45ഓടെയാണ് പ്രതികളെ, സംഭവ സ്ഥലത്തേക്കു കൊണ്ടുപോയത്. ഇരയുടെ മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവ കണ്ടെടുക്കുന്നതിനായി ആയിരുന്നു പ്രതികളെ ഇവിടെ എത്തിച്ചത്. നാലു പ്രതികള്‍ക്കുമൊപ്പം പത്തു പൊലീസുകാര്‍ ഉണ്ടായിരുന്നു. പ്രതികളെ വിലങ്ങ് അണിയിച്ചിരുന്നില്ല. സംഭവ സ്ഥലത്തു വച്ച് പ്രതികള്‍ കല്ലും വടിയും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസിന്റെ പക്കില്‍നിന്നു രണ്ടു പേര്‍ തോക്കു പിടിച്ചുവാങ്ങി. പൂട്ടു മാറ്റിയ അവസ്ഥയില്‍ ആയിരുന്നു തോക്ക്. ഇതുപയോഗിച്ച് ആദ്യം വെടിവച്ചത് ഒന്നാം പ്രതി മുഹമ്മദ് ആരിഫ് ആയിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു.

നാലുപേരോടും കീഴടങ്ങാന്‍ ആവശ്യപ്പെടുകയാണ് പൊലീസ് ആദ്യം ചെയ്തത്. എന്നാല്‍ അവര്‍ വെടിവയ്പു തുടരുകയായിരുന്നു. അപ്പോഴാണ് പൊലീസ് തിരിച്ചു വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്നു കമ്മിഷണര്‍ പറഞ്ഞു. കല്ലും വടിയും കൊണ്ടുള്ള ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരുക്കുണ്ട്. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനുമാണ് ഗുരുതരമായി പരുക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.  പൊലീസുകാരില്‍ ആര്‍ക്കും വെടിയേറ്റില്ല. 5.45നും 6.15നും ഇടയിലായിരുന്നു സംഭവം.

പ്രതികള്‍ നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണും പവര്‍ ബാങ്കും മറ്റും കണ്ടെടുക്കാന്‍ സ്ഥലത്ത് എത്തിച്ചതെന്ന് കമ്മിഷണര്‍ വിശദീകരിച്ചു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ തീപ്പൊള്ളലേറ്റു മരിച്ച സമാനമായ സംഭവങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയ്ക്കു പുറമേ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ സമാനമായ കേസുകളില്‍ ഇവര്‍ക്കുള്ള പങ്കും അന്വേഷിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച കമ്മിഷണര്‍ മനുഷ്യാവകാശ കമ്മിഷന് സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കുമെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com