'ഡിസിപി സിന്ദാബാദ്': പൊലീസിന് മുദ്രാവാക്യം വിളിച്ചും തോളിലേറ്റിയും നാട്ടുകാര്‍, മധുര വിതരണം, ആഹ്ലാദപ്രകടനം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 10:55 AM  |  

Last Updated: 06th December 2019 10:55 AM  |   A+A-   |  

 

ലക്‌നൗ: ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡിസിപി സിന്ദാബാദ്, എസിപി സിന്ദാബാദ് എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പൊലീസുകാരെ തോളിലേറ്റിയും മധുരം വിതരണം ചെയ്തും പുഷ്പങ്ങള്‍ അര്‍പ്പിച്ചും നാട്ടുകാര്‍ ആഹ്ലാദപ്രകടനവും നടത്തി.

 

കൊലപാതകം പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത്. തെളിവെടുപ്പിനിടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.  ഇതിനോട് ചേര്‍ന്നുളള സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരാണ് പൊലീസിന് മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തത്. ഇതൊടൊപ്പം ഓടിക്കൊണ്ടിരിക്കുന്ന ബസിലെ സ്ത്രീകള്‍ പൊലീസിനെ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലവില്‍ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ അടക്കം സമ്മിശ്ര പ്രതികരണമാണ് നടക്കുന്നത്. ചിലര്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ നിയമപരമായി ഇത് ശരിയല്ലെന്നാണ് മറ്റു ചിലര്‍ വാദിക്കുന്നത്.