'നിര്‍ഭയ കേസ്  പ്രതിയോട് ദയ വേണ്ട'; ദയാഹര്‍ജി തളളണമെന്ന് കേന്ദ്രം, രാഷ്ട്രപതിക്ക് ശുപാര്‍ശ 

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പേരില്‍ ഒരാളുടെ ദയാഹര്‍ജി തളളി കൊണ്ടുളള ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് അയച്ചു
'നിര്‍ഭയ കേസ്  പ്രതിയോട് ദയ വേണ്ട'; ദയാഹര്‍ജി തളളണമെന്ന് കേന്ദ്രം, രാഷ്ട്രപതിക്ക് ശുപാര്‍ശ 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പേരില്‍ ഒരാളുടെ ദയാഹര്‍ജി തളളി കൊണ്ടുളള ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് അയച്ചു.കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളി കൊണ്ടുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു.

ദയാഹര്‍ജി തള്ളണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിനെ സംസ്ഥാന ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ രേഖാമൂലമാണ് അറിയിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ലഫ്. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ദയാഹര്‍ജി തളളി കൊണ്ടുളള സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശയെ അനുകൂലിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

2012 ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ  6 പേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കെതിരെ എഎപി സര്‍ക്കാര്‍ ശക്തമായ നിലപാടു സ്വീകരിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി 10 ദിവസത്തിനു ശേഷം സിംഗപ്പുരില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞിരുന്നു. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി നിരസിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. ശുപാര്‍ശ ലഫ്. ഗവര്‍ണര്‍ പരിശോധിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയത്. കേസില്‍ വധശിക്ഷ ലഭിച്ച മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍  ഗുപ്ത എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല.

കേസിലെ പ്രതിയായ റാം സിങ് ജയിലിനുള്ളില്‍ ജീവനൊടുക്കിയിരുന്നു. കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച ശേഷം പുറത്തു വിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com