പൊലീസിനു തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ല; പ്രതികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മീനാക്ഷി ലേഖി

പൊലീസിനു തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ല; പ്രതികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മീനാക്ഷി ലേഖി
പൊലീസിനു തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ല; പ്രതികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പൊലീസിന് തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ലെന്ന് മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ പറഞ്ഞു.

''പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ പൊലീസ് വെടിവയ്ക്കും. അതിനാണ് അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ കൈയില്‍ തോക്കുള്ളത് കാണാനല്ല'' -ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചുകൊണ്ട് ബിജെപി അംഗം പറഞ്ഞു. 

പൊലീസ് നടപടിയില്‍ വിയോജിപ്പുമായി ബിജെപി നേതാവ് മേനകാ ഗാന്ധി നേരത്തെ രംഗത്തുവന്നിരുന്നു. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നതെന്ന് മേനകാ ഗാന്ധി പ്രതികരിച്ചു. 

ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് മേനകാ ഗാന്ധി അഭിപ്രായപ്പെട്ടു. കൊല്ലണമെന്നു തോന്നുന്നവരെയെല്ലാം നമുക്കു കൊല്ലാനാവില്ല. അങ്ങനെ നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നത്- മേനക പറഞ്ഞു. 

ഏറ്റുമുട്ടല്‍ കൊലകള്‍ നിയമവാഴ്ചയുള്ള സമൂഹത്തില്‍ അംഗീകരിക്കാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. അതേസമയം ഹൈദരാബാദ് സംഭവത്തില്‍ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവരാതെ അതിനെ അപലപിക്കേണ്ടതില്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

ഹൈദരാബാദ് സംഭവത്തില്‍ എന്താണ് നടന്നത് എന്നതില്‍ വ്യക്തതയായിട്ടില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കൈയില്‍ ആയുധമുണ്ടായിരുന്നെങ്കില്‍ വെടിവച്ചതിന് പൊലീസിന് ന്യായീകരണം പറയാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം അറിയുന്നതുവരെ അതിനെ അപലപിക്കേണ്ടതില്ല. എന്നാല്‍ നിയമവാഴ്ചയുള്ള ഒരു സമൂഹത്തില്‍ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാവില്ല തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com