വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്നു

ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ടു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്നു

ഹൈദരാബാദ്:  യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ടു. ഏറ്റമുട്ടലിനിടെ പ്രതികളെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാല് പ്രതികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൈദരാബാദിൽ ഇന്ന് പുലർച്ചെയാണ് സംഭവം. 

പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടയിൽ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികൾ ആക്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലപാതകം പുനരവതരിപ്പിച്ചുള്ള തെളിവെടുപ്പിനിടയിലാണ് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചത്. കൊലപാതകം നടന്ന ഷംഷാബാദ് ടോൾ ​ഗേറ്റിന് അടുത്തെത്തിയായിരുന്നു തെളിവെടുപ്പ്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് തെലങ്കാന പൊലീസിന്റെ വിശദീകരണം. 

നവംബർ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊല ചെയ്തത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

അന്ന് രാത്രി സംഭവിച്ചത്

ബുധനാഴ്ച വൈകുന്നേരം 5.30ഓടെയാണ് യുവതി വീട്ടില്‍ നിന്ന് പുറത്തുപോയത്. തൊണ്ടുപാല്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പ്രിയങ്ക സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെ നിന്ന് ക്യാബിലാണ് യുവതി ജോലി സ്ഥലത്തേക്ക് പോയത്. 9മണിയോടെ ഇവര്‍ ടോള്‍പ്ലാസയ്ക്ക് സമീപം വരുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അന്നേരം സ്‌കൂട്ടര്‍ ടയര്‍ പഞ്ചറായ അവസ്ഥയിലായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന അടുത്തുകൂടിയ രണ്ടുപേര്‍ സ്‌കൂട്ടര്‍ മറ്റൊരിടത്തേക്ക് മാറ്റി. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ഇവര്‍ വര്‍ക് ഷോപ് അടച്ചുവെന്നും അടുത്ത വര്‍ക് ഷോപ്പിലേക്ക് പോകാന്‍ സഹായിക്കാമെന്നും പറഞ്ഞു. കുറച്ചു മുന്നോട്ടു നടന്ന യുവതി ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രദേശത്ത് ഇവര്‍ക്ക് വേണ്ടി കാത്തുനിന്നു. ഇവിടെവെച്ചാണ് യുവതി അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

9.22ന് യുവതി സഹോദരിയെ വിളിച്ചിരുന്നു. തനിക്ക് പേടിയാകുന്നു എന്നാണ് പറഞ്ഞത്. ടോള്‍ പ്ലാസയ്ക്ക് സമീപം തന്നെ നില്‍ക്കാന്‍ സഹോദരി യുവതിയോട് പറഞ്ഞു. 9.44ന് സഹോദരി യുവതിയെ തിരിച്ചുവിളിച്ചു. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ് എന്നറിഞ്ഞു. ഇതോടെ ഭയപ്പെട്ട കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട യ്രുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി അണ്ടര്‍പാസിന് സമീപം കൊണ്ടുവന്നു കത്തിക്കുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com