സൈബരാബാദ് പൊലീസ് മാതൃക; ഉത്തര്‍പ്രദേശ് പൊലീസ് കണ്ടുപഠിക്കണം: മായാവതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 10:16 AM  |  

Last Updated: 06th December 2019 10:17 AM  |   A+A-   |  

 

ലക്‌നൗ: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാലു പ്രതികള്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി. തെലങ്കാനയിലെ സൈബരാബാദ് പൊലീസ് മാതൃകയെന്ന് മായാവതി പറഞ്ഞു. യുപി പൊലീസ് ഇത് കണ്ടുപഠിക്കണമെന്നും മായാവതി ഓര്‍മ്മിപ്പിച്ചു.

കൊലപാതകം പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ വെടിവെച്ച് കൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നതെന്നാണ് തെലങ്കാന പൊലീസിന്റെ ഭാഷ്യം. 

പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടയില്‍ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലപാതകം പുനരാവിഷ്‌കരിച്ചുളള തെളിവെടുപ്പിനിടയിലാണ് പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൊലപാതകം നടന്ന ഷംഷാബാദ് ടോള്‍ ഗേറ്റിന് അടുത്തെത്തിയായിരുന്നു തെളിവെടുപ്പ്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പ്രതികള്‍ ആക്രമിക്കുകയായിരുന്നെന്നാണ് തെലങ്കാന പൊലീസിന്റെ വിശദീകരണം. 

നവംബര്‍ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ ഡോക്ടറെ ക്രൂരമായി കൊല ചെയ്തത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.