കാമുകന് അവിഹിതമെന്ന് സംശയം; യുവതിയെ തട്ടിക്കൊണ്ടുപോവാന്‍ കാമുകിയും കൂട്ടുകാരികളും പൊലീസായി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 12:22 PM  |  

Last Updated: 07th December 2019 12:22 PM  |   A+A-   |  

kidnap1

 

ചെന്നൈ; കാമുകനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കാമുകിയും കൂട്ടാളികളും പൊലീസ് പിടിയില്‍. ചെന്നൈയിലാണ് സംഭവമുണ്ടായത്. പട്ടാപ്പക്കല്‍ പൊലീസ് വേഷത്തിയാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ ഒരു ഡ്രൈവറേയും കൂടെക്കൂട്ടിയായിരുന്നു യുവതികളുടെ നാടകം. 

വെലചേരി സ്വദേശിയായ സുഭാഷിണിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മമ്പളം റെയില്‍വേ സ്റ്റേഷനില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് ഇവര്‍. ജോലിക്ക് പോകാനായി വ്യാഴാഴ്ച ഇവര്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ ഗൈന്‍ഡി റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ട്രെയിനില്‍ കയറാനായി ഓവര്‍ബ്രിഡ്ജില്‍ കയറിയ ഇവരുടെ അടുത്തേക്ക് സ്ത്രീയും പുരുഷനും എത്തി. പൊലീസ് ഇന്‍സ്‌പെക്ടറിന്റെ വേഷത്തിലായിരുന്നു സ്ത്രീ. ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെന്നും കാറില്‍ കയറാനും ആവശ്യപ്പെട്ടു. സംശയം തോന്നി ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ തട്ടിപ്പറിച്ചു. ഇതോടെ ഒച്ചവെക്കുകയും സ്‌റ്റെയര്‍കേസിന്റെ അടുത്തേക്ക് ഓടുകയും ചെയ്തു. പൊലീസ് വേഷത്തില്‍ എത്തിയവര്‍ ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലുള്ളവര്‍ ഇരുവരേയും പിടിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി രക്ഷപ്പെട്ടു. ഇയാളെ പൊലീസിന് കൈമാറിയതില്‍ നിന്നാണ് സംഭവം പുറത്തുവരുന്നത്. 

ജീവനാഥം എന്ന യുവാവാണ് അറസ്റ്റിലായത്. താനൊരു കാര്‍ ഡ്രൈവറാണെന്നും മൂന്ന് യുവതികള്‍ തന്നെ ഓട്ടം വിളിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സ്‌പെഷ്യല്‍ ബ്രോഞ്ച് പൊലീസാണെന്ന് പറഞ്ഞാണ് ഇവര്‍ കാര്‍ ഡ്രൈവറെ സമീപിച്ചത്. ഒരാളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും സംശയം ഒഴിവാക്കാന്‍ കാര്‍ വേണം എന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. രണ്ട് സ്ത്രീകള്‍ കാറില്‍ ഇരിക്കുകയും ഒരാള്‍ തന്നെയും കൂട്ടി പ്രതിയെ പിടിക്കാനായി ഇറങ്ങുകയുമായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് സ്ത്രീകളേയും അറസ്റ്റ് ചെയ്തു. 

വാദിനി, മുത്തുലക്ഷ്മി, തമിഴ്‌ശെല്‍വി എന്നിവരാണ് അറസ്റ്റിലായത്. ഒരു റെഡിമേഡ് ഷോപ്പ് നടത്തുന്ന വാദിനിയ്ക്കുവേണ്ടിയായിരുന്നു നാടകം അരങ്ങേറിയത്. ഇവര്‍ മമ്പളം റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കിഷോര്‍ എന്ന ആളുമായി പ്രണയത്തിലാണ്. സുഭാഷിണിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് കിഷോര്‍. ഇരുവരുടേയും സൗഹൃദം കണ്ട് വാദിനിയ്ക്ക് ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയം തോന്നി. തുടര്‍ന്ന് സുഭാഷിണിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ബന്ധം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് പൊലീസ് വേഷത്തില്‍ എത്തിയത്. 

റെഡിമേഡ് കട നടത്തുന്നതിനാല്‍ പൊലീസ് യുണിഫോം ലഭിക്കാന്‍ എളുപ്പമായിരുന്നു. മുത്തുലക്ഷ്മിയാണ് ജീവനാഥത്തിനൊപ്പം പൊലീസ് വേഷത്തില്‍ എത്തിയത്. യുവതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികള്‍ വ്യാജ പൊലീസാണെന്ന് അറിയാത്തതിനാല്‍ ജീവനാഥത്തെ പൊലീസ് വെറുതെവിട്ടു.