ബിജെപി ഭരണത്തില്‍ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 03:05 PM  |  

Last Updated: 07th December 2019 03:05 PM  |   A+A-   |  

rahul

 

സുല്‍ത്താന്‍ ബത്തേരി: ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഒരു എംഎല്‍എ തന്നെ ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും നമ്മള്‍ ഓരോ പുതിയ ബലാത്സംഗ,  പീഡന കഥകള്‍ കേള്‍ക്കുന്നു- രാഹുല്‍ പറഞ്ഞു.

മുമ്പ് ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോള്‍ അത് ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ നമ്മോടു ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് സ്വന്തം പെണ്‍മക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല? 

യുപിയിലെ ഒരു ബിജെപി എംഎല്‍എ തന്നെ ബലാത്സംഗ കേസില്‍ പ്രതിയായി. എന്നിട്ടും ഈ രാജ്യത്തെ പ്രധാനമന്ത്രി ഒരു വാക്കു പോലും പറഞ്ഞില്ല. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണ്. നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നത് രാഷ്ട്രം എന്ന സംവിധാനത്തെ ഇല്ലാതാക്കും. രാജ്യം ഭരിക്കുന്ന ആള്‍ തന്നെ അക്രമത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. മോദി എപ്പോഴും മതമാണ് പറയുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.