കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ് പ്രതിഷേധം ; കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ചുപറിച്ച് ബിജെപി പ്രവര്‍ത്തകന്‍, കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 11:44 AM  |  

Last Updated: 07th December 2019 11:44 AM  |   A+A-   |  


 

നൈനിറ്റാള്‍ : ഉള്ളി വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ അതിക്രമം. കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റുകൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ രംഗത്തുവരികയായിരുന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി എടുക്കാത്ത ബിജെപിക്കെതിരെ പ്രതിഷേധം എന്ന നിലയില്‍ കിലോയ്ക്ക് 30 രൂപയ്ക്കാണ് ഉള്ളി വിറ്റത്.കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റുകൊണ്ടുള്ള പ്രതിഷേധം അറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടി. ഇതോടെ മനീഷ് ബിഷ്ട് എന്ന ബിജെപി പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യം പറഞ്ഞ് രംഗത്തുവന്നു.

ബിഷ്ടിനെ തടയാനും ശാന്തമാക്കാനും കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നന്ദന്‍ മെഹ്‌റ ശ്രമിച്ചു. ഇതിനിടെയാണ് ബിഷ്ട് മെഹ്‌റയുടെ വിരല്‍ കടിച്ചുമുറിച്ചത്. കടിയേറ്റ വിരലില്‍ രക്തം ഒഴുകി. സംഭവത്തില്‍ ഹല്‍ദ്‌വാനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇദ്ദേഹം മദ്യ ലഹരിയില്‍ ആയിരുന്നോ എന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിക്രം റാത്തോര്‍ പറഞ്ഞു.