'ദഹിപ്പിക്കാന്‍  ഒന്നും ബാക്കിയില്ല'' ; പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 11:38 AM  |  

Last Updated: 07th December 2019 11:38 AM  |   A+A-   |  

rape

 

ന്യൂഡല്‍ഹി: '' ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല'' ഉന്നാവോയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ തീകൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. എങ്ങനെയാണ് സംസ്‌കാരം എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സഹോദരന്റെ പ്രതികരണം. പെണ്‍കുട്ടിയെ മണ്ണില്‍ മറവു ചെയ്യാനാണ് കുടുംബം ഉദ്ദേശിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു.

മകളെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ ജീവനോടെ വച്ചേക്കരുതെന്ന് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍. ഉന്നാവോയിലും ഹൈദരാബാദ് മോഡല്‍ ശിക്ഷ നടപ്പാക്കണം. പ്രതികളെ വെടിവെച്ചുകൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിലെ പ്രതികള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്ന് യുവതിയുടെ സഹോദരനും പറഞ്ഞു. എന്‍രെ സഹോദരി ഇല്ലാതായതുപോലെ, ഇവരും ഇനി ഭൂമിയില്‍ ഉണ്ടാകരുത്. അവരുടെ പേര് തന്നെ തുടച്ചുനീക്കണം. തന്റെ സഹോദരിക്ക് നീതി ഉറപ്പാക്കണം. എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞ് സഹോദരി കരഞ്ഞു, പക്ഷെ എനിക്ക് രക്ഷിക്കാനായില്ല.. സഹോദരന്‍ വ്യക്തമാക്കി.

ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തില്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി 40 മണിക്കൂറോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രി 11. 40 ഓടെയായിരുന്നു യുവതിയുടെ മരണം. കേസില്‍ യുവതിയെ പീഡിപ്പിച്ചവര്‍ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23 കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11.40 ഓടെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്.

ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. കേസ് അതിവേഗ കോടതി പരിഗണിക്കും. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.