ഡല്‍ഹി തീപിടുത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ;  മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് കെജ്‌രിവാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2019 01:19 PM  |  

Last Updated: 08th December 2019 01:19 PM  |   A+A-   |  

 

ന്യൂഡല്‍ഹി : അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ 43 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവും സൗജന്യ ചികില്‍സയും നല്‍കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാകും സഹായം ലഭ്യമാക്കുക. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതും നല്‍കുമെന്നും മോദി അറിയിച്ചു.

സംഭവസ്ഥലം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും സന്ദര്‍ശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബിജെപി അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നല്‍കുമെന്ന് മനോജ് തിവാരി പറഞ്ഞു.

റാണി ഝാന്‍സി റോഡിലെ ഫാക്ടറില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു.