ബിരിയാണിക്കൊപ്പം ഉള്ളി നൽകിയില്ല, ഹോട്ടലിൽ സംഘർഷം, കയ്യാങ്കളി, കേസ്

ബിരിയാണിക്കൊപ്പം ഉള്ളി ആവശ്യപ്പെട്ടവരോട് വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു
ബിരിയാണിക്കൊപ്പം ഉള്ളി നൽകിയില്ല, ഹോട്ടലിൽ സംഘർഷം, കയ്യാങ്കളി, കേസ്

ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഉള്ളിയുടെ വില 200 രൂപയും കടന്ന് മുന്നേറുകയാണ്. ഇതോടെ ഹോട്ടലുകൾ അടക്കം കടുത്ത വെല്ലുവിളി നേരിടുകയാണ്.  ഒരുമാസം മുമ്പുവരെ ഒരുദിവസം 1.39 ലക്ഷം ടൺ ഉള്ളിയാണ് നഗരത്തിലെത്തിയിരുന്നത്. നിലവിൽ 36,000 ടൺ ഉള്ളിമാത്രമാണ് നഗരത്തിലെ വിൽപ്പനകേന്ദ്രങ്ങളിലെത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

ഇതിനിടെ ബിരിയാണിക്കൊപ്പം ഉള്ളി നൽകാത്തതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷം. ഉള്ളി നൽകാത്തത് ചോദ്യം ചെയ്ത ഉപഭോക്താക്കളെ ജീവനക്കാരൻ മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. ബെലഗാവി നഗരത്തിലെ നെഹ്‌റുനഗറിലെ ഹോട്ടലിലാണ് സംഭവം. ബിരിയാണിക്കൊപ്പം ഉള്ളി ആവശ്യപ്പെട്ടവരോട് വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിൽ രോഷം പൂണ്ട യുവാക്കൾ ജീവനക്കാരെ അസഭ്യം പറഞ്ഞു. തുടർന്നാണ് രണ്ടുപേർക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവർ ആശുപത്രിയിലാക്കി. ഹോട്ടൽ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.

ഉള്ളിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ നഗരത്തിലെ ഉള്ളി ഗോഡൗണുകളിലും കടകളിലും അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന നടത്തിവരികയാണ്. വ്യാപകമായി ഉള്ളി പൂഴ്ത്തിവെക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് യശ്വന്തപുരിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റിയുടെ ഗോഡൗണിലും വിവിധ പ്രദേശങ്ങളിലെ ചെറുകിട വിൽപ്പനകേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. എസ്.പി.യും രണ്ട് ഡിവൈ.എസ്.പി. മാരും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പൂഴ്ത്തിവെപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com