രോഷം അണയാതെ രാജ്യം ; ഉന്നാവോ പെൺകുട്ടിയുടെ സംസ്കാരം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2019 07:21 AM  |  

Last Updated: 08th December 2019 07:21 AM  |   A+A-   |  

 

ലക്നൗ: ഉന്നാവിൽ ബലാൽസം​ഗത്തിന് ഇരയായ പെൺകുട്ടിയെ തീ കൊളുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം അണയാതെ രാജ്യം. ഡൽഹിയിൽ ഇന്നലെ രാത്രിയിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനം നടന്നു. ഉന്നാവോ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
യുവതിയുടെ വീട്ടിൽ എത്തിയ മന്ത്രിമാർ അടക്കമുള്ള സർക്കാർ പ്രതിനിധികൾക്ക് എതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.

അതിനിടെ പ്രതികൾ തീ കൊളുത്തി കൊന്ന ബലാൽസംഗത്തിന് ഇരയായ 23 കാരിയുടെ സംസ്കാരചടങ്ങുകള്‍ ഇന്നു നടക്കും. ഇന്നു രാവിലെ 10
മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിലാണ് സംസ്കാരം നടക്കുക. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറിയത്.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാൽസംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു
തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്. കേസിൽ യുവതിയെ മുമ്പ് പീഡിപ്പിച്ച രണ്ടുപേർ അടക്കം അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്.