'റിയല്‍ ഹീറോ'; ആളിക്കത്തിയ തീയില്‍ നിന്ന് പിടിച്ചുകയറ്റിയത് 11 ജീവനുകള്‍; നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2019 04:49 PM  |  

Last Updated: 08th December 2019 04:49 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആളിക്കത്തുന്ന തീയെ കൂസാതെ ഫയര്‍മാന്റെ കൈകള്‍ പിടിച്ചുകയറ്റിയത് 11 ജീവനുകള്‍.അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കാലുകള്‍ക്കു പരുക്കേറ്റ് ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ രാജേഷ് ശുക്ലയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി.

ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രിയിലെത്തി രാജേഷ് ശുക്ലയെ കണ്ടു. 'അദ്ദേഹമൊരു യഥാര്‍ഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു'– സത്യേന്ദ്ര ജെയ്ന്‍ ട്വീറ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 43 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. 63 പേരെ കെട്ടിടത്തില്‍നിന്നു രക്ഷിച്ചു. പരുക്കേറ്റവരില്‍ രണ്ട് അഗ്‌നിശമന സേന ഉദ്യോഗസ്ഥരുമുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന് അഗ്‌നിരക്ഷാസേന വിഭാഗത്തില്‍നിന്നുള്ള എന്‍ഒസി ഉണ്ടായിരുന്നില്ലെന്നാണു വിവരം. ഇടുങ്ങിയ പ്രദേശത്തുകൂടിയുള്ള രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്‌കരമായി. ജനല്‍ ഗ്രില്ലുകള്‍ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലേക്കു പ്രവേശിച്ചത്.

കെട്ടിട ഉടമയ്‌ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കെട്ടിട ഉടമ റെഹാനെ കാണാനില്ലെന്നും ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 പ്രകാരം കേസെടുത്തെന്നും പൊലീസ് അറിയിച്ചു. കേസ് ക്രൈംബ്രാഞ്ചിനു വിട്ടിട്ടുണ്ട്.