'സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യം' ; പുതിയ ഓഫര്‍, ഹിറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2019 02:13 PM  |  

Last Updated: 08th December 2019 02:13 PM  |   A+A-   |  

 

ചെന്നൈ : ഉള്ളിവില സര്‍വകാല റെക്കോഡും മറികടന്നു കുതിക്കുകയാണ്. സവാലയുടെ വില 200 കടന്ന് മുന്നേറുകയാണ്. ചെറിയ ഉള്ളിയാകട്ടെ 220 ന് മുകളിലെത്തി. തീവിലയാണെന്ന് മാത്രമല്ല, ഉള്ളി കിട്ടാനുമില്ലാത്ത അവസ്ഥയിലാണ്. വില കുതിച്ചുയര്‍ന്നതോടെ ഹോട്ടലുകാര്‍ അടക്കം ഭക്ഷണത്തില്‍ നിന്നും ഉള്ളിയെ പതിയെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ, തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ഒരു മൊബൈല്‍ ഫോണ്‍ വ്യാപാര സ്ഥാപനം പുതിയ ഓഫറുമായി മുന്നോട്ടു വന്നിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനമാണ് വേറിട്ട വാഗ്ദാനവുമായി രംഗത്തുവന്നത്. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്ററും പതിച്ചു.

സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഉള്ളി തിരഞ്ഞെടുക്കാനും അവസരമുണ്ട്. നിമിഷങ്ങള്‍ക്കകം പുതിയ ഓഫറും പോസ്റ്ററുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ വില്‍പ്പന വളരെയേറെ കൂടിയതായി കടയുടമ ശരവണ കുമാര്‍ പറയുന്നു.

'എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണിത്. ഇതുവരെ ദിവസേന രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വില്‍പ്പന കൂടി. കഴിഞ്ഞ രണ്ടുദിവസമായി എട്ട് മൊബൈല്‍ഫോണുകളാണ് ഓരോദിവസവും വിറ്റുപോയത് ശരവണ കുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു കാര്‍ സര്‍വീസ് സെന്ററും ഉള്ളി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാര്‍ സര്‍വീസ് ചെയ്യാനെത്തുന്നവര്‍ക്ക് രണ്ട് കിലോ ഉള്ളി സമ്മാനമായി നല്‍കുമെന്നായിരുന്നു മലയാളികള്‍ നടത്തുന്ന സര്‍വീസ് സെന്ററിന്റെ വാഗ്ദാനം.