ഉള്ളി വാങ്ങാന്‍ മണിക്കൂറുകള്‍ ക്യൂ നിന്നു, അറുപതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 04:36 PM  |  

Last Updated: 09th December 2019 04:36 PM  |   A+A-   |  

onion

ഫയല്‍ ചിത്രം

 

ഹൈദരാബാദ്: സര്‍ക്കാരിന്റെ വില്‍പ്പന കേന്ദ്രത്തില്‍ വില കുറച്ചു വില്‍ക്കുന്ന ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. അറുപതുകാരനായ സംബയ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.

കിലോയ്ക്ക് ഇരുപത്തിയഞ്ചു രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി വില്‍ക്കുന്നത്. പൊതു വിപണിയില്‍ പലയിടത്തും കിലോയ്ക്ക് 180 രൂപ വരെയാണ് വില. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്.

എട്ടരയ്ക്കാണ് വില്‍പ്പന കേന്ദ്രം തുറക്കുന്നത്. എന്നാല്‍ പലരും പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഉള്ളിക്ക് കനത്ത സുരക്ഷ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.