ബലാത്സംഗത്തിന് ശ്രമിച്ചതല്ലേയുള്ളു; ചെയ്യട്ടെ, എന്നിട്ടാവാം കേസ്; പരാതിക്കാരിയോട് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 08:48 AM  |  

Last Updated: 09th December 2019 08:48 AM  |   A+A-   |  

 


ഉന്നാവ്: ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അവരെ അപമാനിച്ചതായി പരാതി. 'ബലാത്സംഗം ചെയ്തില്ലല്ലോ? ചെയ്യട്ടെ, എന്നിട്ട് കേസെടുക്കാം' എന്നായിരുന്നു തന്നോട് പൊലീസ് പറഞ്ഞതെന്ന് ഉന്നാവിലെ ഹിന്ദ്പൂര്‍ സ്വദേശിനിയായ പരാതിക്കാരി ആരോപിച്ചു.

കഴിഞ്ഞദിവസം പ്രതികള്‍ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ ചുട്ടെരിച്ചതും ഉന്നാവിലെ ഹിന്ദ്പൂരിലാണ്. നാട്ടുകാരായ മൂന്നുയുവാക്കള്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയുമായാണ് മൂന്നുമാസം മുന്‍പ് യുവതി ഉന്നാവ് സ്റ്റേഷനിലെത്തിയത്. യുവതി വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1090 ല്‍ വിളിച്ചപ്പോള്‍ 100ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. 100ല്‍ വിളിച്ചപ്പോള്‍ ഉന്നാവ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

യുവാക്കളില്‍ നിന്നു രക്ഷപ്പെട്ട യുവതി ഉന്നാവ് സ്റ്റേഷനിലെത്തിയപ്പോള്‍ പരാതി വാങ്ങാതെ പൊലീസ് മടക്കി അയച്ചു. മൂന്ന് മാസത്തോളം യുവതി സ്‌റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ യുവതിയെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെടാന്‍ ശ്രമിച്ചതിനാണ് ഭീഷണിപ്പെടുത്തല്‍. ഈ വര്‍ഷം മാത്രം 11 മാസത്തിനിടെ ഉന്നാവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 86 ബലാത്സംഗക്കേസുകളാണ്.