വരുന്നത് വധശിക്ഷ നടപ്പാക്കല്‍ ദിനങ്ങള്‍?, ബുക്‌സര്‍ ജയിലില്‍ തൂക്കുകയര്‍ ഒരുങ്ങുന്നു; തുടക്കം നിര്‍ഭയ പ്രതികളിലെന്ന് റിപ്പോര്‍ട്ട് 

വരുന്നത് വധശിക്ഷ നടപ്പാക്കല്‍ ദിനങ്ങള്‍?, ബുക്‌സര്‍ ജയിലില്‍ തൂക്കുകയര്‍ ഒരുങ്ങുന്നു; തുടക്കം നിര്‍ഭയ പ്രതികളിലെന്ന് റിപ്പോര്‍ട്ട് 
വരുന്നത് വധശിക്ഷ നടപ്പാക്കല്‍ ദിനങ്ങള്‍?, ബുക്‌സര്‍ ജയിലില്‍ തൂക്കുകയര്‍ ഒരുങ്ങുന്നു; തുടക്കം നിര്‍ഭയ പ്രതികളിലെന്ന് റിപ്പോര്‍ട്ട് 

പറ്റ്‌ന: നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് വധശിക്ഷകള്‍ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയാറാവുന്നതായി സൂചന. വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന തൂക്കുകയര്‍ സജ്ജമാക്കാന്‍ ബിഹാറിലെ ബുക്‌സര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചതോടെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രാജ്യത്തെ വിവിധ ജയിലുകളിലേക്ക് തൂക്കുകയര്‍ തയാറാക്കി നല്‍കുന്നത് ബുക്‌സറില്‍ നിന്നാണ്.

രാജ്യത്തെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നവര്‍ നിരവധിയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയായവര്‍ പോലും ശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുന്നുണ്ട്. വിവിധ കാരണങ്ങള്‍ ശിക്ഷാ നടത്തിപ്പു നീണ്ടുപോവുന്ന ഇവരുടെ 'വിധി' നടപ്പാക്കാന്‍ ഭരണാധികാരികള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗ കേസുകളിലെ ഉള്‍പ്പെടെ കുറ്റവാളികളുടെ വിധി നടപ്പാക്കല്‍ നീണ്ടുപോവുന്നത് അടുത്തിടെ വലിയ വിമര്‍ശനത്തിനു വഴിവച്ചിരുന്നു.

മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത് 2008ലാണ്. ഇതിനു വേണ്ടിയാണ് ബുക്‌സര്‍ ജയിലില്‍നിന്ന് അവസാനമായി തൂക്കുകയര്‍ സജ്ജമാക്കി നല്‍കിയത്. മഹാരാഷ്ട്രയ്ക്കായിരുന്നു അന്ന് ബുക്‌സറില്‍നിന്ന് തൂക്കുകയര്‍ നല്‍കിയത്. ഇപ്പോള്‍ എവിടെനിന്നാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നതെന്ന് ബുക്‌സര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതി വിനയ് ശര്‍മ അടുത്തിടെ, ദയാഹര്‍ജി നല്‍കാനില്ലെന്നു വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയാവും ഉടന്‍ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗത്തിനെതിരെ രാജ്യത്ത് ജനരോഷം ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഇത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നതായി ആണ് വിലയിരുത്തലുകള്‍.

അടുത്ത ഇരുപത്തിയഞ്ചു ദിവസത്തിനകം പത്തു തൂക്കു കയറുകള്‍ തയാറാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതിന് തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. മൂന്നു ദിവസമാണ് ഒരു തൂക്കുകയര്‍ സജ്ജമാക്കാനായി വേണ്ടിവരിക. പരുത്തിനൂല്‍ കൊണ്ടാണ് തൂക്കുകയറുകള്‍ ഒരുക്കുന്നത്. 7200 നൂലുകളാണ് ഒരു കയറില്‍ ഉണ്ടാവുക. 150 കിലോഗ്രാം വരെ ഭാരം ഇതിനു വഹിക്കാനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com