ഹിന്ദുസംഘടനകളുടെ പ്രതിഷേധം; സംസ്‌കൃത അധ്യാപകന്‍ ഫിറോസ് ഖാന്‍ രാജിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2019 03:44 PM  |  

Last Updated: 10th December 2019 03:44 PM  |   A+A-   |  

 

വാരാണസി: ബനാറസ് സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗത്തില്‍ നിന്നും  അധ്യാപകന്‍ ഫിറോസ് ഖാന്‍ രാജിവച്ചു. ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. ഹിന്ദുക്കള്‍ മാത്രം സംസ്‌കൃതം പഠിപ്പിച്ചാല്‍ മതിയെന്നായിരുന്നു ഹിന്ദു സംഘടനകളുടെ നിലപാട്. 

അധ്യാപകന്‍ രാജിക്കത്ത് നല്‍കിയാതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സര്‍വകലാശാല ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. 

സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗത്തില്‍ മുസ്ലിം അധ്യാപകനെ നിയമിച്ചത് ഒരു മാസം നീണ്ടുനിന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നവംബര്‍ ഏഴിനാണ് ഫിറോസ് ഖാനെ ബനാറസ് സര്‍വ്വകലാശാലയില്‍ നിയമിച്ചത്. ഫിറോസ് ഖാനെ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാനുള്ള തീരുമാനത്തെ സംസ്‌കൃത വിഭാഗത്തിലെ ഹിന്ദുത്വവാദികളാണ് എതിര്‍ത്തത്.

വിഷയത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടായില്ല. സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ച നടപടി പുഃനപരിശോധിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.