ആ സ്യൂട്ട്കേസിൽ കഷ്ണങ്ങളാക്കിയ മകളുടെ ശരീരം; വീണ്ടും ദുരഭിമാനക്കൊല; അച്ഛൻ അറസ്റ്റിൽ

ഇതര മതത്തിൽപെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
ആ സ്യൂട്ട്കേസിൽ കഷ്ണങ്ങളാക്കിയ മകളുടെ ശരീരം; വീണ്ടും ദുരഭിമാനക്കൊല; അച്ഛൻ അറസ്റ്റിൽ

മുംബൈ: ഇതര മതത്തിൽപെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ടിറ്റ്‍വാല നിവാസി അരവിന്ദ് തിവാരി (47) യാണ് അറസ്റ്റിലായത്. 22കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ശരീരം നരവധി കഷ്ണങ്ങളാക്കി ഇയാൾ സ്യൂട്ട്കേസിലാക്കിയിരുന്നു. 

കല്യാൺ സ്റ്റേഷനു സമീപം ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഞായറാഴ്ച പുലർച്ചെ സ്യൂട്ട് കേസിൽ നിറച്ച നിലയിൽ യുവതിയുടെ  മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകൾ പ്രിൻസി (22) യുടെ പ്രണയ ബന്ധത്തോടുള്ള എതിർപ്പിനെ തുടർന്നാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. 

ഞായറാഴ്ച ട്രെയിനിൽ നിന്നിറങ്ങിയ പ്രതിയായ അരവിന്ദ് തിവാരി പുലർച്ചെ അഞ്ചരയോടെ വലിയ സ്യൂട്ട് കേസുമായി ഓട്ടോറിക്ഷയിൽ കയറി. റിക്ഷയിൽ സ്യൂട്ട്കേസ് വച്ച ഉടൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ കാരണം തിരക്കി. മറുപടി പറയാതെ പ്രതി ഇറങ്ങിയോടി. മുഖത്ത് തൂവാല കൊണ്ടു മറച്ചിരുന്നതിനാൽ ആളെ പെട്ടെന്ന് തിരിച്ചറിയാനായില്ല. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്നു കണ്ടെത്തിയത്. മൃതദേഹം അടുത്തുള്ള രുഗ്മിണിബായ് മുനിസിപ്പൽ ആശുപത്രിയിലേയ്ക്കു മാറ്റി. 

ചുവന്ന ഷർട്ട് ധരിച്ച ഒരാൾ മുഖം തൂവാല കൊണ്ട് മറച്ച നിലയിൽ സ്യൂട്ട് കേസുമായി നീങ്ങുന്നത് സ്റ്റേഷനിലെ സിസിടിവിയിൽ കണ്ടു. ടിറ്റ്‍വാല സ്റ്റേഷനിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നും മഹാത്മാ ഫുലെ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ പ്രകാശ് ലാണ്ടെ പറഞ്ഞിരുന്നു.

ശരീരത്തിന്റെ കീഴ് ഭാഗം മാത്രമാണ് കണ്ടെത്തിയത്. തലയും മേൽ ഭാഗവും കണ്ടെത്താൻ സമീപ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്ധേരി ലോജിസ്റ്റിക് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ തിവാരിയെ പൊലീസ് ഓഫീസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 30 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച ക്രൈം ബ്രാഞ്ച് സംഘത്തിനു താനെ ഡിസിപി (ക്രൈം)  പ്രത്യേക സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഭന്ദൂപിൽ ജോലി ചെയ്തിരുന്ന പ്രിൻസി ഇതര മതത്തിൽപെട്ട യുവാവിനെ പ്രണയിച്ചതുമായി ബന്ധപ്പെട്ട് വീട്ടിൽ കലഹം പതിവായിരുന്നു. ടിറ്റ്‍വാലയിൽ പ്രിൻസിക്കൊപ്പമായിരുന്നു അരവിന്ദ് തിവാരി താമസിച്ചിരുന്നത്. പ്രിൻസിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തർപ്രദേശിലെ ജാൻപൂരിലാണ് താമസം. തന്റെ വികാരം ഉൾക്കൊള്ളാൻ മകൾ തയാറാകാതിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നു അരിവന്ദ് തിവാരി പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com