'ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമാണ്, പിന്നെന്തിന് തൂക്കി കൊല്ലണം'... നിർഭയ കേസിലെ പ്രതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2019 07:31 PM  |  

Last Updated: 10th December 2019 08:58 PM  |   A+A-   |  

NIR

 

ന്യൂഡൽഹി: തെറ്റായാണ് തനിക്കെതിരെ വധ ശിക്ഷ വിധിച്ചതെന്ന് നിർഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങിന്റെ ഹർജി. പ്രതികളെ ഉടന്‍ തൂക്കിലേറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വധ ശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ അക്ഷയ് കുമാർ പുനഃപരിശോധനാ ഹര്‍ജി നൽകിയത് . ഈ ഹർജിയിലാണ് ഇയാളുടെ വിചിത്ര വാദങ്ങൾ.

മറ്റു രാജ്യങ്ങളില്‍ വധ ശിക്ഷ നിയമത്തില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമാണ്. ഈ സാഹചര്യം തന്നെ ആയുസ് കുറയ്ക്കുന്നുണ്ട്. പിന്നെ എന്തിന് തൂക്കിക്കൊല്ലണമെന്നാണ് അക്ഷയകുമാര്‍ സിങ് ഹര്‍ജിയില്‍ ചോദിക്കുന്നത്.

കൂട്ട ബലാത്സംഗം നടന്ന്  ഏഴുവര്‍ഷമാകുന്ന സാഹചര്യത്തില്‍ പ്രതികളെ തൂക്കിക്കൊല്ലുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടയിലാണ് പ്രതി അക്ഷയകുമാര്‍ സിങ്ങിന്‍റെ നീക്കം. വധശിക്ഷ ശരിവച്ച 2017 ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മറ്റ് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ തീഹാര്‍ ജയിലില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.