നിര്‍ഭയ കേസില്‍ പുനഃപരിശോധന ഹര്‍ജി; വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
നിര്‍ഭയ കേസില്‍ പുനഃപരിശോധന ഹര്‍ജി; വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും

ന്യൂഡല്‍ഹി :രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങ്ങാണ് കോടതിയെ സമീപിച്ചത്.കേസില്‍ വധശിക്ഷ ഉടന്‍ തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുനഃപരിശോധന ഹര്‍ജി. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങിന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും അന്തിമമായി സുപ്രീംകോടതിയും ശരിവെച്ചു.

2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് വിധിയില്‍ പുനഃപരിശോധ ആവശ്യപ്പെട്ടാണ് അക്ഷയ് കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് അലിവ് ഉണ്ടാകണമെന്നും ഹര്‍ജിയില്‍ പ്രതി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഡോ എ പി സിങ്ങാണ് കോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി നേരത്തെ തളളിയിരുന്നു

അതിനിടെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് സൂചന നല്‍കി പ്രതികളില്‍ ഒരാളെ തീഹാര്‍ ജയിലിലേക്ക് മാറ്റി. വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്നാണ് സൂചന. ഡല്‍ഹിയിലെ മന്‍ഡോളി ജയിലില്‍ പാര്‍പ്പിച്ചിരുന്ന പവന്‍ ഗുപ്തയെയാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. കേസിലെ മറ്റുപ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് എന്നിവര്‍ തീഹാര്‍ ജയിലിലാണുള്ളത്.

പവന്‍ ഗുപ്തയെ തീഹാറിലെ രണ്ടാം നമ്പര്‍ ജയിലിലാണ് അടച്ചിട്ടുള്ളത്. പ്രതികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ആറ് സിസിടിവി ക്യാമറകള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മറ്റു പ്രതികളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ പ്രതികള്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ പാര്‍പ്പിക്കാനുള്ള കണ്ടംഡ് സെല്ലും തയ്യാറായി വരികയാണ്. സെല്ലുകളുടെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ നടക്കുകയാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

തീഹാറിലെ മൂന്നാം നമ്പര്‍ ജയിലില്‍ 16 കണ്ടംഡ് സെല്ലുകളാണ് ഉള്ളത്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ ഉടന്‍ തന്നെ ഇവരെ കണ്ടംഡ് സെല്ലിലേക്ക് മാറ്റും. വിനയ് ശര്‍മ്മയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസം താന്‍ ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നും, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്നതാണ് പതിവ്. വധശിക്ഷയ്ക്ക് മുന്നോടിയായി ജയില്‍ അധികൃതര്‍ ഡമ്മി പരീക്ഷണം നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശിക്ഷ നടപ്പാക്കുന്നതിനായി തീഹാര്‍ ജയില്‍ അധികൃതര്‍ ബീഹാറിലെ ബുക്‌സര്‍ ജയില്‍ അധികൃതരോട് 10 തൂക്കുകയര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്ത് ബലാല്‍സംഗകേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ ഇല്ല എന്നതാണ് തീഹാര്‍ ജയില്‍ അധികൃതര്‍ നേരിടുന്ന തലവേദന. ആരാച്ചാരെ തേടി തീഹാര്‍ ജയില്‍ അധികൃതര്‍ യുപിയിലെ അടക്കം ജയിലുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിനിടെ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് പൊലീസ് കോണ്‍സ്റ്റബിള്‍ രംഗത്തെത്തി. രാമനാഥപുരം ജില്ലയിലെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സുഭാഷ് ശ്രീനിവാസനാണ് സന്നദ്ധത അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചു.

നേരത്തെ ഷിംല സ്വദേശിയായ പച്ചക്കറി വ്യാപാരി ശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. രവികുമാര്‍ ദലിത് എന്നയാളാണ് പ്രതിഫലം ഇല്ലാതെ ശിക്ഷ നടപ്പാക്കാമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചത്. പണം മോഹിച്ചല്ല താന്‍ ആരാച്ചാരാകാന്‍ തയ്യാരാകുന്നതെന്നും, ഇത്തരം ഹീനകൃത്യം ചെയ്യുന്നവര്‍ക്ക് ഒരു താക്കീത് എന്ന നിലയ്ക്കാണ് ഈ ജോലിക്ക് താന്‍ തയ്യാറാകുന്നതെന്നുമാണ് രവികുമാര്‍ ദലിത് വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com