പൗരത്വ ബില്ലിനെതിരെ പ്രതിഷേധം പുകയുന്നു ; അസമില്‍ ബന്ദ്, പരക്കെ അക്രമം ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു പ്രസ്ഥാനങ്ങള്‍ അസമില്‍ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്
പൗരത്വ ബില്ലിനെതിരെ പ്രതിഷേധം പുകയുന്നു ; അസമില്‍ ബന്ദ്, പരക്കെ അക്രമം ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി

ഗുവാഹത്തി : ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം പുകയുന്നു. ബില്ലിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത 11 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചു മണിക്ക് ആരംഭിച്ച ബന്ദ് വൈകീട്ട് നാലുമണി വരെയാണ്. ബന്ദില്‍ പരക്കെ അക്രമം അരങ്ങേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ അടക്കം നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു പ്രസ്ഥാനങ്ങള്‍ അസമില്‍ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. ബന്ദിന്റെ പശ്ചാത്തലത്തില്‍ അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹോണ്‍ബില്‍ ഉത്സവം നടക്കുന്നതിനാല്‍ നാഗാലാന്‍ഡിനെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന അസമില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. അസമില്‍ എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ റദ്ദാക്കി.

ലോക്‌സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. ബില്ലിനെതിരായി 80 പേര്‍ വോട്ടുചെയ്തു. 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ലോക്‌സഭ തള്ളുകയും ചെയ്തു. വന്ദേമാതരം വിളിയോടെയായിയിരുന്നു ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത് ആഘോഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com