ഭേദ​ഗതികൾ തള്ളി ; പൗരത്വ ബിൽ ലോക്സഭ പാസ്സാക്കി ; ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്നതെന്ന് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2019 07:13 AM  |  

Last Updated: 10th December 2019 07:13 AM  |   A+A-   |  

 

ന്യൂഡല്‍ഹി:  നാടകീയ രംഗങ്ങൾക്കൊടുവിൽ ദേശീയ പൗരത്വബിൽ ലോക്സഭ പാസാക്കി.  പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ ലോക്സഭ ശബ്ദവോട്ടോടെ തള്ളി. 311 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ, 80 പേർ ബില്ലിനെ എതിർത്തു വോട്ടു രേഖപ്പെടുത്തി. ഏഴു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബിൽ രാജ്യസഭ നാളെ പരി​ഗണിക്കും. രാജ്യസഭ കൂടി പാസാക്കിയാല്‍ രാഷ്ട്രപതി ഒപ്പ്  വെക്കുന്നതോടെ ബില്‍ നിയമമാകും.  

ബിൽ പാസ്സായതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തി.  പൗരത്വ ഭേദഗതി ബില്ലിന്റെ എല്ലാ വശങ്ങളും സ്‌പഷ്ടമായ തരത്തിൽ വിവരിച്ചതിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിക്കുന്നതായി അർധരാത്രിയോടെ ബിൽ പാസായതിനു പിന്നാലെ നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ബിൽ ലോക്സഭ പാസാക്കിയതിൽ സന്തോഷമുണ്ട്. ബില്ലിനെ അനുകൂലിച്ച എല്ലാം എംപിമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും നന്ദി രേഖപ്പെടുത്തുന്നു. മാനവികതലങ്ങളിൽ ഇന്ത്യ നൂറ്റാണ്ടുകളായി പിന്തുടരുന്ന അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബില്ലാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്ലാണ് ലോക്‌സഭ പാസാക്കിയത്. നിശ്ചിത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ബിൽ പ്രകാരം അവർക്ക് പൗരത്വം അനുവദിക്കും. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്.  48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഒവൈസി, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, കെ. സുധാകരൻ, ഹൈബി ഈഡൻ, എ.എം. ആരിഫ്  അടക്കമുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതലും ആവശ്യപ്പെട്ടത്.

അഭയാർഥികൾക്ക് അവകാശങ്ങൾ നൽകാനാണ് പൗരത്വബിൽ കൊണ്ടുവന്നതെന്ന് ബില്ലിൻമേലുള്ള ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ബിൽ ഭരണഘടനാ വിരുദ്ധമല്ല, തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമല്ല. ബിൽ കൊണ്ടുവന്നത് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചതിനാലാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണ്. അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

1951 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു. 1947ല്‍ 23 ശതമാനമായിരുന്ന പാകിസ്ഥാനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശില്‍ 22ല്‍ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകില്‍ ഇവര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കില്‍ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയില്‍ 1951 ല്‍ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 14.3 ശതമാനമായി വര്‍ധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ലോക്‌സഭയില്‍ അമിത് ഷാ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കോണ്‍ഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല. കേരളത്തില്‍ മുസ്ലീം ലീഗിനൊപ്പവും മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പവുമാണ് കോണ്‍ഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നു. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബില്ലെന്നും റോഹിങ്ക്യന്‍ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് പുറത്തുള്ള ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ അനുകൂലിച്ച് ശിവസേനയും വോട്ട് ചെയ്തു.  രാജ്യസഭയില്‍ 83 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. ബിജു ജനതാദള്‍, എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ ബില്‍ രാജ്യസഭയില്‍ പാസാക്കാമെന്നാണ് ബിജെപി കരുതുന്നത്. അതേസമയം ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.