സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ മുന്നില്‍ ബിജെപി ജന പ്രതിനിധികള്‍; കോണ്‍ഗ്രസ് രണ്ടാമത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2019 06:09 PM  |  

Last Updated: 10th December 2019 06:09 PM  |   A+A-   |  

bjp

 

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതലുള്ളത് ബിജെപി ജന പ്രതിനിധികള്‍ക്കെതിരെ. 21 ബിജെപി അംഗങ്ങള്‍ക്കെതിരെയാണ് കേസുകള്‍. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. 16 അംഗങ്ങള്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഏഴ് പേര്‍ക്കെതിരെയാണ് കേസുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളുള്ള ലോക്‌സഭാ ജനപ്രതിനിധികളുടെ എണ്ണം 2009ല്‍ രണ്ടായിരുന്നു. പത്ത് വര്‍ഷം കൊണ്ട് ഇന്ന് 19 എണ്ണമായി അംഗങ്ങളുടെ എണ്ണം ഉയര്‍ന്നതായും എഡിആര്‍ വ്യക്തമാക്കുന്നു. 

നിലവില്‍ മൂന്ന് എംപിമാര്‍ക്കെതിരേയും ആറ് എംഎല്‍എമാര്‍ക്കെതിരെയും ബലാത്സംഗ കേസുകളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബലാത്സംഗ കേസുകളുള്ള 41ഓളം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുണ്ട്. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളുള്ള 61ഓളം സ്ഥാനാര്‍ത്ഥികളെ ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോക്‌സഭ, രാജ്യസഭ, വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലായി മത്സരിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് 46 പേരെയും ബഹുജന്‍ സമാജ് പാര്‍ട്ടി 40 പേരെയും മത്സരിപ്പിച്ചു. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ നേരിടുന്ന ജനപ്രതിനിധികള്‍ കൂടുതല്‍ ബംഗാളില്‍ നിന്നാണ്. 16ഓളം എംപി, എംഎല്‍എമാര്‍ക്കാണ് കേസുള്ളത്. ഒഡിഷയാണ് രണ്ടാം സ്ഥാനത്ത്. 12ഓളം പേര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരം കേസുള്ളവര്‍ സ്ഥാനാര്‍ത്ഥിയായത് മഹാരാഷ്ട്രയിലാണ്. 84 പേര്‍. ബീഹാറാണ് രണ്ടാമത്. 75 സ്ഥാനാര്‍ത്ഥികള്‍. 

4,896 സത്യവാങ്മൂലങ്ങളില്‍ നിന്ന് 4,822എണ്ണം പരിശോധിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയത്. 759 എംപിമാരുടേയും 4063 എംഎല്‍എമാരും തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലമാണ് എഡിആര്‍ വിശദ പരിശോധനക്ക് വിധേയമാക്കിയത്.