'നിനക്ക് അമ്മയും സഹോദരിമാരുമൊന്നുമില്ലേ'; യുവാവിനെ ഷൂ ഊരി പൊതിരെ തല്ലി പൊലീസുകാരി, അഭിനന്ദന പ്രവാഹം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 07:36 PM  |  

Last Updated: 11th December 2019 07:36 PM  |   A+A-   |  

 

ലക്‌നൗ: വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി പൊലീസുകാരി. നിനക്ക് അമ്മയും സഹോദരിമാരുമൊന്നുമില്ലേ എന്ന് ചോദിച്ച് ഷൂ ഊരി യുവാവിനെ തുടര്‍ച്ചയായി തല്ലുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ, യുവാവിനെ കൈകാര്യം ചെയ്ത പൊലീസുകാരിക്ക് താരപരിവേഷം നല്‍കി സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹവും നടക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ബിത്തൂരിലാണ് സംഭവം. ജനങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവിനെ പൊലീസുകാരി കൈകാര്യം ചെയ്തത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് വിദ്യാര്‍ത്ഥികളെ നയീം ഖാന്‍ എന്ന യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ അശ്ലീല ചുവ നിറഞ്ഞ പാട്ട് പാടുകയായിരുന്നു. നയീം ഖാന്റെ പെരുമാറ്റത്തില്‍ ക്ഷുഭിതരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

ഇതോടെ വനിതാ കോണ്‍സ്റ്റബിള്‍ ചഞ്ചല്‍ ചൗരസിയ സംഭവസ്ഥലത്തെത്തുകയും നയീം ഖാനെ പിടികൂടുകയും ചെയ്തു. ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചല്‍ പിന്നീട് ഷൂ ഊരി മര്‍ദിക്കുകയായിരുന്നു. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിരവധി തവണ ഇയാളെ പൊലീസുകാരി തല്ലുന്നത് കാണാന്‍ സാധിക്കും. 

'നിനക്കൊക്കെ ഭ്രാന്താണോ? നിനക്ക് വീട്ടില്‍ അമ്മയും സഹോദരിമാരുമൊന്നുമില്ലേ...'എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മര്‍ദ്ദനം. പ്രദേശത്തുണ്ടായിരുന്ന ആരോ ആണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നയീം ഖാനെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.