അന്ന് ചെയ്തത് ചരിത്രപരമായ മണ്ടത്തരം, പൗരത്വ ഭേദഗതി ബില്‍ തിരുത്താന്‍ വേണ്ടി: അമിത് ഷാ രാജ്യസഭയില്‍ 

ഇന്നലെ ബില്ലിനെ അനുകൂലിച്ച ശിവസേന ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു
അന്ന് ചെയ്തത് ചരിത്രപരമായ മണ്ടത്തരം, പൗരത്വ ഭേദഗതി ബില്‍ തിരുത്താന്‍ വേണ്ടി: അമിത് ഷാ രാജ്യസഭയില്‍ 

ന്യൂഡല്‍ഹി:  ചരിത്രപരമായ മണ്ടത്തരം തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും പ്രസ്താവന ഒരേ പോലെയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ ബില്‍ മുസ്ലീം വിരുദ്ധമല്ല.  ഇന്നലെ ബില്ലിനെ അനുകൂലിച്ച ശിവസേന ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ.

'വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷം ഈ പ്രസ്താവനയെ വിമര്‍ശിച്ചു. 1950 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാനും ഒപ്പിട്ട കരാര്‍ ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇരുരാജ്യങ്ങളിലും ഉളള മതന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ മതവിഭാഗത്തിന് തുല്യമായ അവകാശങ്ങള്‍ നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങളോട് ഇരു പ്രധാനമന്ത്രിമാരും അവകാശവാദമായി പറഞ്ഞിരുന്നത് ഇക്കാര്യമാണ്. ഇതില്‍ നിന്ന് വിഭജനം നടന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകും. ഈ ചരിത്രപരമായ മണ്ടത്തരം തിരുത്താനാണ് പുതിയ ബില്‍'- അമിത് ഷാ പറഞ്ഞു. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ബില്‍ കൊണ്ടുവരേണ്ടത് ആയിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

വിഭജനത്തിന് കാരണം ജിന്നയാണ്. അദ്ദേഹത്തിന്റെ ആവശ്യം കോണ്‍ഗ്രസ് എന്തിന് അംഗീകരിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്്? മതത്തിന്റെ പേരില്‍ എന്തിന് വിഭജനം നടത്തി?. വിഭജനം നടന്നില്ലായിരുന്നുവെങ്കില്‍ ഈ ബില്‍ കൊണ്ടുവരേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതും,മുത്തലാഖ് ബില്ലും മുസ്ലീം വിരുദ്ധമല്ല. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വേണ്ടാ എന്നാണോ എന്ന് അമിത് ഷാ ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ മുസ്ലീങ്ങള്‍ താമസിക്കുന്നത് കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്ന് ചിന്തിക്കുന്നത് എന്തിനാണ്. അവിടെ ഹിന്ദുക്കളും ബുദ്ധമതക്കാരും ഇല്ല എന്നാണോ?, എല്ലാവരെയും ഉദ്ദേശിച്ചാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അതെങ്ങനെ മുസ്ലീം വിരുദ്ധമാകും എന്നും അമിത് ഷാ ചോദിച്ചു.എങ്ങനെയാണ് പൗരത്വ ഭേദഗതി ബില്‍ മുസ്ലീം വിരുദ്ധം ആകുന്നത്?. മുസ്ലീങ്ങളുടെ പൗരത്വത്തെ കുറിച്ച് ബില്‍ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com