ചരിത്ര ബില്‍, പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന ചില പാര്‍ട്ടികളുടേത് പാകിസ്ഥാന്റെ സ്വരം : പ്രധാനമന്ത്രി

ബില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണ്
ചരിത്ര ബില്‍, പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന ചില പാര്‍ട്ടികളുടേത് പാകിസ്ഥാന്റെ സ്വരം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ബില്ലിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ബില്ലെന്നാണ് മോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

പൗരത്വ ബില്ലിനെതിരെ ചില പാര്‍ട്ടികള്‍ പാകിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ബില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണ്. ബില്ലിനെതിരായ കള്ളപ്രചാരണങ്ങളെ ചെറുക്കണമെന്നും പ്രധാനമന്ത്രി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു.

പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് രാവിലെ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തില്‍ ബിജെപി പാര്‍ലമെന്ററി യോഗം ചേര്‍ന്നത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സുരക്ഷിതമായ ഭൂരിപക്ഷത്തോടെ തന്നെ ബില്‍ പാസാക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടു.

ലോക്‌സഭയില്‍ അനുകൂലിച്ച് വോട്ട് ചെയത ശിവസേന രാജ്യസഭയില്‍ പിന്തുണക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം. ബില്ലിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് ബിജെപിയും, എതിര്‍ത്ത് വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്. ബില്ലിനുള്ള പിന്തുണ തുടരുമെന്ന് ജെഡിയുവും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബില്ലിനെതിരെ കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ കമ്മീഷനും രംഗത്തെത്തിയിരുന്നു. ബില്‍ രാജ്യസഭയിലും പാസാക്കിയാല്‍ അമിത് ഷാക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ബില്ലിനെതിരെ വിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com