ചോദ്യോത്തരവേളയില്ല; പൗരത്വ ബില്‍ ഉച്ചയ്ക്ക് 12 ന് രാജ്യസഭയില്‍ ; ഭേദഗതികളുമായി പ്രതിപക്ഷം; പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു

ബില്ലിന് 20 ഭേദഗതികള്‍ തൃണമൂല്‍ കോണ്‍ഗ്രസും 12 ഭേദഗതികള്‍ കോണ്‍ഗ്രസും നല്‍കിയിട്ടുണ്ട്. ബില്ലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു
ചോദ്യോത്തരവേളയില്ല; പൗരത്വ ബില്‍ ഉച്ചയ്ക്ക് 12 ന് രാജ്യസഭയില്‍ ; ഭേദഗതികളുമായി പ്രതിപക്ഷം; പിന്തുണയില്‍ മാറ്റമില്ലെന്ന് ജെഡിയു

ന്യൂഡല്‍ഹി: വിവാദമായ ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുക. ബില്‍ അവതരണത്തിന്റെ ഭാഗമായി രാജ്യസഭയില്‍ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. ബില്ലിന്മേല്‍ ആറുമണിക്കൂര്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.

ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസിന് വേണ്ടി കപില്‍ സിബല്‍ സംസാരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഡെറിക് ഒബ്രയാനും, സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി രാംഗോപാല്‍ യാദവുമാണ് സംസാരിക്കുക. ബില്ലിന് 20 ഭേദഗതികള്‍ തൃണമൂല്‍ കോണ്‍ഗ്രസും 12 ഭേദഗതികള്‍ കോണ്‍ഗ്രസും നല്‍കിയിട്ടുണ്ട്. കൂടാതെ സിപിഐയും സിപിഎമ്മും ഭേദഗതികള്‍ നിര്‍ദേശിക്കും. പൗരത്വ ബില്ലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്.

ബില്ലിനോട് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ജെഡിയുവില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത പരന്നത്. അതേസമയം ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതോടെയാണ്, ബില്ലിനെ രാജ്യസഭയില്‍ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. പ്രധാനവിഷയങ്ങളില്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് പൊതു മിനിമം പരിപാടിയില്‍ വ്യക്തമാക്കിയതാണ്. ഇത് ലംഘിച്ചെന്നും, മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ തുടരണോ എന്ന് ആലോചിക്കുമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചത്.

ഇതേത്തുടര്‍ന്ന് ബില്ലിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്നും അതിനാല്‍ രാജ്യസഭയില്‍ പിന്തുണ ഇല്ലെന്നും ശിവസേന പിന്നീട് നിലപാട് തിരുത്തി. ശിവസേന ഉന്നയിച്ച സംശയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതെ പിന്തുണയ്ക്കില്ല. ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബിജെപി നിലപാട് അംഗീകരിക്കാനാകില്ല. ശിവസേന നിലപാട് ആരുടെയും ഇഷ്ടം നോക്കിയല്ലെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

നിലവില്‍ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.11, ബി.ജെ.ഡി.7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്2, ടി.ഡി.പി.2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി വൃത്തങ്ങള്‍ പറയുന്നത്. എങ്കില്‍ 127 പേരുടെ പിന്തുണയാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com