ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ; നാലു ഭേദഗതികള്‍ നിര്‍ദേശിച്ച് പ്രതിപക്ഷം ; ചര്‍ച്ച

ബില്‍ നടപ്പാക്കാനുള്ള ധാര്‍മ്മിത ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആശങ്ക വേണ്ട
ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ; നാലു ഭേദഗതികള്‍ നിര്‍ദേശിച്ച് പ്രതിപക്ഷം ; ചര്‍ച്ച

ന്യൂഡല്‍ഹി: വിവാദ ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണം തടയണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. ലോക്‌സഭ പാസ്സാക്കിയ ബില്ലാണിത്. നിയമപരമായിട്ടുള്ളതാണ്. അതിനാല്‍ അവതരണം തടയാനാകില്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.

ബില്ലില്‍ നാലുഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദേശിച്ചു. വര്‍ഷങ്ങളായുള്ള അനീതി ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും അമിത് ഷാ പറഞ്ഞു. ബില്‍ നടപ്പാക്കാനുള്ള ധാര്‍മ്മിത ഉത്തരവാദിത്തം എന്‍ഡിഎ സര്‍ക്കാരിനുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആശങ്ക വേണ്ട. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ ഇന്ത്യക്കാരായി തന്നെ തുടരുമെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിന്മേല്‍ ആറുമണിക്കൂര്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്. ചരിത്രപരമായ ബില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരത്വ ബില്ലിനെ വിശേഷിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേര്‍ക്കുള്ള വംശീയ ആക്രമണമെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ഇതൊരു ക്രിമിനല്‍ ആക്രമണമാണ്. മോദി-അമിത് ഷാ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയമായ തുടച്ചുനീക്കലിനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പൗരത്വഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നത് വടക്ക് കിഴക്കിനെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമമാണ്. വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയമായ തുടച്ചുനീക്കലിനാണ്  മോദിയും അമിത് ഷായും ശ്രമിക്കുന്നത്. അതാണ് അവരുടെ പാതയും ജീവിത രീതിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. രാഹുല്‍ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com