പിഎസ്എൽവിയുടെ  50-ാം കുതിപ്പ് ഇന്ന് ; ഇന്ത്യയുടെ റിസാറ്റ്-2 ഉം, നാല് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം
പിഎസ്എൽവിയുടെ  50-ാം കുതിപ്പ് ഇന്ന് ; ഇന്ത്യയുടെ റിസാറ്റ്-2 ഉം, നാല് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക്

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രം​ഗത്ത് മറ്റൊരു ചരിത്രമുഹൂർത്തത്തിന് അരികെയാണ് ഐഎസ്ആർഒ. ബഹിരാകാശ ​ഗവേഷണത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ  50-ാം കുതിപ്പ് ഇന്ന് നടക്കും. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി ആർ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളെയും വഹിച്ചാകും പിഎസ്എൽവിയുടെ ക്യു.എൽ. പതിപ്പ് ഭ്രമണപഥത്തിലേക്കുയരുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഉച്ചകഴിഞ്ഞ് 3.25 നാണ് വിക്ഷേപണം. എസ്ആർ ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടർ. അഞ്ചുവർഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി.ആർ.-1. കൃഷി, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്.

ഭൗമോപരിതലത്തിൽനിന്ന് 576 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും. ജപ്പാൻ, ഇറ്റലി, ഇസ്രായേൽ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പി.എസ്.എൽ.വി. വഹിക്കും. 21 മിനിറ്റും 19.5 സെക്കൻഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com