പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം; ത്രിപുരയില്‍ സൈന്യത്തെ വിന്യസിച്ചു

അസമില്‍ തെരുവ് കയ്യേറിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം; ത്രിപുരയില്‍ സൈന്യത്തെ വിന്യസിച്ചു

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ തെരുവ് കയ്യേറിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഗുവാഹത്തിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ത്രിപുരയ്ക്ക് പിന്നാലെ അസമില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന വിവിധയിടങ്ങളിലും 24 മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിലക്കി.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ത്രിപുരയില്‍ സൈന്യത്തെ വിന്യസിച്ചു. 

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുളള പ്രതിഷധം വ്യാപകമായ പശ്ചാത്തലത്തില്‍ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിന്യസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദിവാസി ഗ്രോത്രവിഭാഗക്കാരും മറ്റുളളവരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ത്രിപുരയില്‍ രണ്ട് ബാച്ചുകളിലായി 140 സൈനികരെ വിന്യസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി അറിയിച്ചു. ഇതിന് പുറമേ ഉദ്യോഗസ്ഥരെയും ത്രിപുരയിലേക്ക് അയക്കുമെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കി.

സംഘര്‍ഷം നിലനില്‍ക്കുന്ന അസമിലും സൈന്യത്തെ വിന്യസിച്ചേക്കും. എപ്പോള്‍ വേണമെങ്കിലും പോകാന്‍ തയ്യാറായിരിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 70 സൈനികരെ പ്രദേശത്ത് വിന്യസിക്കാനാണ് ഇന്ത്യന്‍ ആര്‍മി ഉദ്ദേശിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  പോലീസിന്റെ ദ്രുത കര്‍മസേനയെ അസമിലെ ദീബ്രുഘട്ട് ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.

നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ഇഎസ്ഒ) കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ത്രിപുരയില്‍ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്എംഎസ് സേവനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ത്രിപുരയില്‍ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ തടഞ്ഞതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍  കോളേജ് പരീക്ഷകള്‍ മാറ്റിവച്ചിരുക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com