പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ ; മലക്കം മറിഞ്ഞ് ശിവസേന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 07:05 AM  |  

Last Updated: 11th December 2019 07:05 AM  |   A+A-   |  

 

ന്യൂഡൽഹി: വിവാദമായ ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാണ് രാജ്യസഭയിൽ പൗരത്വബില്ലിന്മേൽ ചർച്ച നടക്കുക. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബിൽ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്രസർക്കാരും. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ഇരുപാർട്ടികളും അംഗങ്ങൾക്കു വിപ്പുനൽകിയിട്ടുണ്ട്.

ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ എതിർക്കും.  കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതോടെയാണ്, ബില്ലിനെ രാജ്യസഭയിൽ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. പ്രധാനവിഷയങ്ങളിൽ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് പൊതു മിനിമം പരിപാടിയിൽ വ്യക്തമാക്കിയതാണ്. ഇത് ലംഘിച്ചെന്നും, മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിൽ തുടരണോ എന്ന് ആലോചിക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചത്.

ഇതേത്തുടർന്ന് ബില്ലിനെക്കുറിച്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നും അതിനാൽ രാജ്യസഭയിൽ പിന്തുണ ഇല്ലെന്നും ശിവസേന പിന്നീട് നിലപാട് തിരുത്തി. ശിവസേന ഉന്നയിച്ച സംശയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കാതെ പിന്തുണയ്ക്കില്ല. ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന ബിജെപി നിലപാട് അംഗീകരിക്കാനാകില്ല. ശിവസേന നിലപാട് ആരുടെയും ഇഷ്ടം നോക്കിയല്ലെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍‌ പറഞ്ഞു. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പരോക്ഷമായി വിമർശിച്ചിരുന്നു.

നിലവിൽ 238 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ബിൽ പാസാവാൻ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എൻ.ഡി.എ.യ്ക്ക് നിലവിൽ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആർ. കോൺഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളിൽനിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബിജെപി വൃത്തങ്ങൾ പറയുന്നത്. എങ്കിൽ 127 പേരുടെ പിന്തുണയാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.