ദിവസവും സംസ്‌കൃതം സംസാരിക്കൂ, പ്രമേഹത്തില്‍ നിന്നും കൊളസ്‌ട്രോളില്‍ നിന്നും രക്ഷപ്പെടാം!; ബിജെപി എംപിയുടെ കണ്ടെത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 10:13 PM  |  

Last Updated: 12th December 2019 10:13 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ദിവസേന സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാമെന്ന് ബിജെപി എംപി ഗണേഷ് സിങ്. എന്നും സംസകൃതം സംസാരിച്ചാല്‍ നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകും എന്നാണ് എംപിയുടെ പ്രസ്താവന. 

ലോക്‌സഭയില്‍ കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞതെന്നും എംപി പറഞ്ഞു. 

സംസ്‌കൃതം സംസാരിക്കുന്നതുകൊണ്ട് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുണ്ടെന്നും കംപ്യൂട്ടര്‍ പ്രോഗാമുകള്‍ സംസ്‌കൃതത്തില്‍ ചെയ്താല്‍ കുറ്റമറ്റതാകുമെന്നും ഗണേഷ് സിങ് പറഞ്ഞു. ഇത് നാസ കണ്ടെത്തിയതാണ് എന്നായിരുന്നു ഗണേഷിന്റെ വാദം. ഇസ്ലാമിക ഭാഷകള്‍ ഉള്‍പ്പെടെ 97ഓളം ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നുണ്ടായതാണെന്നും ഇദ്ദേഹം അവകാശപ്പെട്ടു.