യോഗി ആദിത്യനാഥും സെല്‍ഫിയെടുത്തു! ജീവിതത്തില്‍ ആദ്യമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 03:33 PM  |  

Last Updated: 12th December 2019 03:33 PM  |   A+A-   |  

yogi

 

കാണ്‍പുര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജീവിതത്തിലാദ്യമായി സെല്‍ഫിയെടുത്തു! കാണ്‍പുരിലെ ഗംഗാ നദിയുടെ തീരത്തുള്ള സിസമാവുവില്‍ സെല്‍ഫി പോയിന്റ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് യോഗിയുടെ സെല്‍ഫി. 

സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുമ്പോഴും യോഗി ആദിത്യനാഥ് പൊതുവെ യാഥാസ്ഥികനായാണ് അറിയപ്പെടുന്നത്. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകളെത്തുമ്പോള്‍ അദ്ദേഹം നിരുത്സാഹപ്പെടുത്താറാണ് പതിവ്. 

ലഖ്‌നൗവിലെ കാളിദാസ് മാര്‍ഗിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ റോഡില്‍ വച്ച് സെല്‍ഫി എടുക്കുന്നത് 2017 ഡിസംബറില്‍ നിരോധിച്ചിരുന്നു. ഈ റോഡ് തുടങ്ങുന്ന സ്ഥലത്ത് തന്നെ പൊലീസ് സെല്‍ഫികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയുള്ള ബോര്‍ഡും വച്ചിരുന്നു. വിഐപി പ്രദേശത്ത് ചിത്രങ്ങളും സെല്‍ഫികളും ക്ലിക്ക് ചെയ്യുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടിയെ ക്ഷണിക്കുമെന്നും ബോര്‍ഡില്‍ മുന്നറിയിപ്പായും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ ബോര്‍ഡ് അവിടെ നിന്ന് മാറ്റുകയായിരുന്നു.

യുപിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ എത്തുന്നുണ്ടോ എന്ന് അറിയാന്‍ പ്രേരണ എന്ന പേരില്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിരുന്നു. സെല്‍ഫിയിലൂടെ അധ്യാപകര്‍ സാന്നിധ്യം അറിയിക്കുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇതും വിവാദമായി മാറി. വനിതകളടക്കമുള്ളവരുടെ സ്വകാര്യതയ്ക്ക് ഇത്തരം പദ്ധതികള്‍ എതിരാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ അധ്യാപക സംഘടനകള്‍ ഉയര്‍ത്തിയത്.