അയോധ്യ കേസ് ഇന്ന് സുപ്രീംകോടതിയിൽ ; തുറന്ന കോടതിയിൽ വാദം കേൾക്കണോ എന്നതിൽ തീരുമാനമെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 06:54 AM  |  

Last Updated: 12th December 2019 06:54 AM  |   A+A-   |  

supreme_courtt

 

ന്യൂഡൽഹി: ബാബറി മസ്ജിദ് - രാമജന്മഭൂമി ഭൂമി തർക്ക കേസ് വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും.  ഉച്ചക്ക്​ 1.40നാണ്​ കോടതി കേസ്​ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേംബറിൽ വെച്ചാകും ഹർജി പരി​ഗണിക്കുക. വാദം കേൾക്കൽ തുറന്ന കോടതിയിൽ കേൾക്കണോ ചേംബറിൽ കേൾക്കണോ എന്നകാര്യത്തിൽ ഭരണഘടന ബെഞ്ച്​ തീരുമാനമെടുക്കും.

വിരമിച്ച ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്ക്​ പകരം ജസ്​റ്റിസ്​ സഞ്​ജീവ്​ ഖന്നയെ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ഉൾപ്പെടുത്തി. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരാണ് കേസിൽ വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാർ.  കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിർമോഹി അഖാര ഇന്നലെ പുനഃപരിശോധന ഹരജി നൽകിയിരുന്നു​. അയോധ്യ കേസിൽ ഇതുവരെ 18 ഓളം പുനഃപരിശോധന ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസമാണ് മുൻ ചീഫ്​ ജസ്​റ്റിസിൻെറ​ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്​ ബാബറി കേസിൽ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തർക്ക ഭൂമി, സർക്കാർ രൂപീകരിക്കുന്ന ട്രസ്​റ്റിന്​ കൈമാറാനും ഈ ട്രസ്​റ്റ്​ രാമക്ഷേത്ര നിർമാണത്തിന്​ മേൽനോട്ടം വഹിക്കണമെന്നുമായിരുന്നു വിധി. മുസ്​ലിംകൾക്ക്​ പള്ളി നിർമിക്കാൻ തർക്ക ഭൂമിക്ക്​ പ​ുറത്ത്​ കണ്ണായ സ്ഥലത്ത്​ അഞ്ച്​ ഏക്കർ ഭൂമി നൽകാനും കോടതി നിർദേശിച്ചിരുന്നു. നിർമോഹി അഖാരക്ക്​ ട്രസ്​റ്റിൽ പ്രാതിനിധ്യം നൽകണമെന്നും കോടതി കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.