മണിപ്പൂരിൽ പോകാൻ ഇനി പെർമിറ്റുവേണം ; പ്രതിഷേധം തണുപ്പിക്കാൻ നടപടികളുമായി കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 07:31 AM  |  

Last Updated: 12th December 2019 07:31 AM  |   A+A-   |  

 

ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാ​ഗമായി വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ പോകുന്നതിന് കേന്ദ്രസർക്കാർ ഇന്നർലൈൻ പെർമിറ്റ് (ഐ എൽ പി ) ഏർപ്പെടുത്തി.  ഇതുസംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പൗരത്വബിൽ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎൽപി ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്.

ഇന്നർലൈൻ പെർമിറ്റ് ബാധകമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഉള്ളവർക്കും വിദേശികൾക്കും പ്രത്യേകാനുമതി ആവശ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗമേഖലകളിൽ പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയാനും അവരുടെ സാംസ്കാരികത്തനിമ നിലനിർത്താനുമാണ് ഈ നിബന്ധന കൊണ്ടുവന്നത്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ പെർമിറ്റ്‌ ബാധകം. പെർമിറ്റിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് മണിപ്പുർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.

ഐഎൽപി സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആറാമത്തെ പട്ടികയിലുൾപ്പെടുന്ന സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ചില ആദിവാസിമേഖലകളിലും നിയമം ബാധകമാകില്ല.