ബനാറസ് സര്‍വകലാശാലയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കുന്നു; എതിര്‍പ്പുമായി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2019 04:47 PM  |  

Last Updated: 13th December 2019 04:47 PM  |   A+A-   |  

 

വാരാണസി:  ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കാന്‍ ശുപാര്‍ശ. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കോര്‍ട്ടാണ് സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. 

സര്‍വകലാശാലയുടെ വികസനത്തിനായി രാജീവ് ഗാന്ധി ഒരു സംഭാവനയും നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പേര് നീക്കാനുളള ശുപാര്‍ശ. സര്‍വകലാശാലയുടെ നടപടിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 

സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിനാണ് കോര്‍ട്ട് ശുപാര്‍ശ നല്‍കിയത്. 2006 ഓഗസ്റ്റ് 19നാണ് സര്‍വകലാശാലയിലെ സൗത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം അന്നത്തെ കേന്ദ്രമന്ത്രി അര്‍ജുന്‍ സിങ് നിര്‍വഹിച്ചത്. അന്ന് അര്‍ജുന്‍  സിങിന്റെ നിര്‍ദ്ദേശപ്രകാരം സൗത്ത് ബ്ലോക്കിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കുകയായിരുന്നു.